
പെരുമ്പാവൂർ : വലിയ നിശാശലഭങ്ങളുടെ പട്ടികയിലുള്ളതും ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നനാഗശലഭം( അറ്റ്‌ലസ് ശലഭം) കുറുപ്പംപടിയിൽ വിരുന്ന്വന്നു. കോതമംഗലം എം. എ കോളേജിലെ ഫിസിക്‌സ് വിഭാഗം അദ്ധ്യാപകൻ പ്രൊഫ. ഫ്രാൻസിസ് സേവ്യറിന്റെ കുറുപ്പംപടി പുത്തൻപാടത്തെ വീട്ടിലാണ് അപൂർവ സുന്ദര ചിത്രശലഭം വിരുന്നെത്തിയത്. നാഗശലഭങ്ങൾ ഈ പ്രദേശങ്ങളിൽ അപൂർവമായി മാത്രമാണ് കാണുന്നത്. വലിപ്പവും കാഴ്ചയിൽ നാഗങ്ങളുടെ പുറമേയുള്ള ഡിസൈനുകളുമാണ് ഈ ശലഭത്തിന്റെ പ്രത്യേകത. പ്രൊഫ. ഫ്രാൻസിസിന്റെ വീട്ടിലെ റംബൂട്ടാൻ മരത്തിലാണ് അപൂർവ ഇനം നാഗശലഭത്തെ കണ്ടത്. ചിറകിന്റെ അറ്റം നാഗങ്ങൾ പത്തി വിടർത്തുന്നതുപ്പോലെയാണ്. ഇരു വശങ്ങളിലും ഇത്തരത്തിൽ പത്തിയുടെ ആകൃതിയിലാണ് ചിറകുകൾ. ചിത്രശലഭത്തിന് സാധാരണയിൽ കൂടുതൽ വലുപ്പവുമുണ്ട്.