
ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവ വിജയികൾക്കായി 1175 ട്രോഫികൾ റെഡി. ആലുവ നഗരത്തിലെ വിവിധ വേദികളിലായി ഇന്ന് ആരംഭിക്കുന്ന കലോത്സവം 30ന് അവസാനിക്കും. എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്ന എല്ലാ വിജയികൾക്കായി 800ൽ പരം വ്യക്തിഗത ട്രോഫികളും സ്കൂളുകൾക്ക് 351 എവർ റോളിംഗ് ട്രോഫികളും 24 ഓവറോൾ ട്രോഫികളും അടക്കമാണ് 1175 ട്രോഫി കൾ വിതരണം ചെയ്യുന്നത്. ആലുവ ഗവ. ഗേൾസ് സ്കൂളിലാണ് ട്രോഫി റൂം തയ്യാറായിട്ടുള്ളത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൻ ഹുസൈനാണ് ട്രോഫി കമ്മിറ്റി ചെയർമാൻ. മുർഷിദ് എളയൂർ കൺവീനറാണ്. വി.വൈ യൂനുസ്, അബ്ദുറസാക്ക് മുണ്ടംപാലം എന്നിവരാണ് ട്രോഫി കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.