കൊച്ചി: കേസുകൾ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതാണ് ശാശ്വത പരിഹാരത്തിനുള്ള നല്ല മാർഗമെന്നും അത് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ പറഞ്ഞു. കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ എഴുപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്ധ്യസ്ഥതയിലൂടെ വ്യവഹാരങ്ങൾക്ക് പരിഹാരമുണ്ടാക്കുമ്പോൾ സമൂഹത്തിലെ സമാധാനാന്തരീക്ഷവും നിലനിറുത്താനാവും. മാനുഷിക പരിഗണനകൂടി ഉറപ്പാക്കിവേണം നീതിനിർവഹണം നടപ്പാക്കാൻ. കേസുകളിൽ ക്രിയാത്മകമായ ഇടപെടലിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കഴിയണം. സംസ്ഥാനത്തെ വനിതാ ജഡ്ജിമാരുടെയും വനിതാ അഭിഭാഷകരുടെയും വനിതാജീവനക്കാരുടെയും ക്ഷേമത്തിനായി ഹൈക്കോടതി രൂപവത്ക്കരിച്ചിട്ടുള്ള സമിതിക്ക് സമാനമായ സംവിധാനം എല്ലാ കോടതികളിലും നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എൻ. ശേഷാദ്രിനാഥൻ അദ്ധ്യക്ഷനായി.
കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.കെ. ബൈജു, ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എ. സമീർ, സെക്രട്ടറി എം.ജി. രാകേഷ് എന്നിവർ സംസാരിച്ചു. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ജുഡീഷ്യൽ ഓഫീസർമാരിൽനിന്ന് സ്വരൂപിച്ച 31ലക്ഷം രൂപയുടെ ചെക്ക് ചീഫ് ജസ്റ്റിസ് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി സി.എസ്. മോഹിതിന് കൈമാറി.
അസോസിയേഷൻ ഭാരവാഹികളായി ടി. മധുസൂദനൻ (പ്രസിഡന്റ്), പ്രമോദ് മുരളി ( വൈസ് പ്രസിഡന്റ്), എ.ബി. ആനന്ദ് (സെക്രട്ടറി), പി.കെ. ജിജിമോൾ (ജോ. സെക്രട്ടറി), സി. ഉബൈദുള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.