suga

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തുടക്കമാകും. 'സുഗതോത്സവം" എന്ന പേരിൽ ഒരുവർഷം നീളുന്ന ആഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ രാവിലെ 7.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം. ശങ്കർ മുഖ്യാതിഥിയാകും.

മിസോറാം മുൻ ഗവർണറും സുഗതനവതി ആഘോഷസമിതി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ പ്രഭാഷണം നടത്തും. പരിസ്ഥിതി സൗഹൃദ രൂപകല്പനയിൽ ശ്രദ്ധേയനായ ആർക്കിടെക്‌ട് ജി. ശങ്കർ ആശംസകൾ നേരും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സുഗതകുമാരി നിലകൊണ്ട പരിസ്ഥിതിസംരക്ഷണം, സ്ത്രീസുരക്ഷ, മനുഷ്യാവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സുഗതവനമൊരുങ്ങും

സുഗതകുമാരിക്ക് സ്‌മാരകമായി ജന്മനാടായ ആറന്മുളയിൽ സുഗതവനം ഒരുക്കും. ഒരേക്കർ സ്ഥലത്ത് സ്വഭാവികവനം സൃഷ്‌ടിക്കുകയും പഠനഗവേഷണ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. സംസ്ഥാനവ്യാപകമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് മരങ്ങൾ നട്ടുപരിപാലിക്കുന്ന പദ്ധതി ആരംഭിച്ചുകഴിഞ്ഞു.

 വിദ്യാർത്ഥികൾക്ക് മത്സരം

പ്രകൃതിസംരക്ഷണം വിഷയമാക്കി വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ചിത്രരചനാ മത്സരം, വനിതാസദസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുമെന്ന് ആഘോഷ സമിതി ഭാരവാഹികളായ ഡോ. മധു എസ്. നായർ, അഡ്വ. ശശിശങ്കർ എന്നിവർ അറിയിച്ചു.