sivanandan
ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കുന്നത്തേരി - കോമ്പാറ പി.ഡബ്ല്യു.ഡി റോഡിൽ കോൺക്രീറ്റ് കട്ടകൾ ഇളകിയതിനെ തുടർന്നുണ്ടായ കുഴികൾ വാർഡ് മെമ്പർ കെ.കെ. ശിവാനന്ദന്റെ നേതൃത്വത്തിൽ നികത്തുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കുന്നത്തേരി - കോമ്പാറ പി.ഡബ്ല്യു.ഡി റോഡിൽ കോൺക്രീറ്റ് കട്ടകൾ ഇളകിയത് അപകടക്കെണിയാകുന്നു. നൂറു കണക്കിന് സ്കൂൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിത്യേന കടന്നുപോകുന്ന റോഡ് അപകടക്കെണിയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.

കട്ടകൾ ഇളകിപ്പോയതിനാൽ പലയിടത്തും കുഴികൾ രൂപപ്പെട്ടിരിയ്ക്കുകയാണ്. പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് വാർഡ് മെമ്പർ കെ.കെ. ശിവാനന്ദൻ ആരോപിച്ചു. ഗതികെട്ട നാട്ടുകാർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഏതാനും കുഴികൾ കോൺക്രീറ്റ് ചെയ്തു. അടിയന്തിരമായി റോഡിലെ തകർന്ന കട്ടകൾ മാറ്റി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പൈപ്പ് ലൈൻ റോഡിലും കട്ടകൾ ഇളകിയതായി പരാതി

ആലുവ സെന്റ് മേരീസ് സ്കൂൾ കവലയിൽ നിന്ന് നിർമ്മല സ്കൂൾ വരെ അടുത്തിടെ വിരിച്ച കോൺക്രീറ്റ് കട്ടകൾ ഇളകിയതായും പരാതിയുണ്ട്. വാഹനങ്ങൾ പോകുമ്പോൾ കട്ടകൾ തെന്നിമാറുകയാണ്. ബൈക്ക് യാത്രികരാണ് കൂടുതൽ വിഷമിക്കുന്നത്. നിലവാരമില്ലാത്ത വിധം നിർമ്മാണം നടത്തിയതാണ് കട്ടകൾ ഇളകാൻ കാരണമെന്നാണ് ആക്ഷേപം.

നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി ഷാപ്പ് പടി വരെ കട്ടകൾ വിരിക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. ഇതും ഇതേ നിലവാരത്തിലാകരുതെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് ലൈൻ റോഡിന്റെ ഭാഗമായ കാസിനോ മുതൽ ഡിവൈ.എസ്.പി ഓഫീസിന് താഴെ വരെയുള്ള ഭാഗത്ത് നേരത്തെ കട്ടകൾ വിരിച്ചപ്പോഴും ഇളകിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് കട്ടകൾ പൊളിച്ച് വീണ്ടും വിരിച്ചാണ് തകരാർ പരിഹരിച്ചത്.