 
പറവൂർ: ജില്ലയിലെ മികച്ച ഹരിതകർമ്മസേനയ്ക്കുള്ള പുരസ്കാരം പറവൂർ നഗരസഭയ്ക്ക്. ക്ളീൻ കേരളയുടെ കീഴിലുള്ള 62 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ നടത്തിയ സർവേയിലൂടെയാണ് മികച്ച ഹരിതകർമ്മസേനയെ കണ്ടെത്തിയത്. മാലിന്യ നിർമ്മാർജനത്തിലെ മാതൃക, അധിക വരുമാനം ലഭിക്കുന്നതിനുള്ള ഭാവനാപൂർണമായ പദ്ധതികൾ, കർമ്മസേനാ അംഗങ്ങൾക്ക് മാസത്തോറും പതിനായിരം രൂപയിലധികം വരുമാനം. 86 ശതമാനം യൂസർഫീ, ഹരിതമിത്ര ഗാർബേജ് ആപ്പിൽ 93 ശതമാനം കവറേജ് തുടങ്ങിയ നേട്ടങ്ങളാണ് പറവൂർ നഗരസഭ കൈവരിച്ചത്. കളക്ടറ്റേറ്രിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ്, പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്യാമള ഗോവിന്ദൻ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.