
കൊച്ചി: പാവപ്പെട്ട വൃക്കരോഗികൾക്ക് അഭയമാണ് ഈ കൂട്ടായ്മ. ഡയാലിസിസിന് വിധേയരാകുന്നവർ ഉൾപ്പെടെ 400 വൃക്കരോഗികൾക്കാണ് ഏഴംഗ കൂട്ടായ്മ സാമ്പത്തികസഹായം നൽകുന്നത്. മാസം 1000 രൂപമുതൽ പരമാവധി ചികിത്സാച്ചെലവുവരെ 'ആശ്വാസം" വഹിക്കും. ഒരു ഡയാലിസിസിന് 1500 രൂപ വരെയാകും.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഷൈജു കേളന്തറയുടെ നേതൃത്വത്തിലാണ് 'ആശ്വാസ"ത്തിന്റെ പ്രവർത്തനം. പാലാരിവട്ടത്തെ ഷൈജുവിന്റെ വീടാണ് രജിസ്‌റ്റേഡ് ഓഫീസ്. പ്ലസ്ടു അദ്ധ്യാപികയായ ഭാര്യ സുനിതയും മക്കളായ എൽവിൻ, നെവിൻ, ക്രിസ് വിൻ എന്നിവരും സഹായത്തിനുണ്ട്.
വൃക്ക മാറ്റിവയ്‌ക്കാനുള്ള ചെലവും മറ്റു ബുദ്ധിമുട്ടുകളും മൂലമാണ് സാധാരണക്കാരിലേറെയും ഡയാലിസിസ് തെരഞ്ഞെടുക്കുന്നത്. ഒരാഴ്ച മുടങ്ങിയാൽ ശരീരം നീരുവന്ന് ചീർക്കും. അസഹ്യമായ വേദനയുണ്ടാകും.
രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മൂന്നുമാസത്തെ സഹായം ഒരുമിച്ച് നൽകും. കാർഡുമായി രോഗികളോ മക്കളോ അടുത്തബന്ധുക്കളോ നേരിട്ടെത്തണം. വർഷങ്ങളായി എല്ലാ മാസവും 15ന് ഷൈജു കേളന്തറ ലീവെടുക്കും. അന്ന് ഉച്ചവരെയാണ് സഹായവിതരണം. കെ.പി.സി.സി വിചാർവിഭാഗ് ജില്ല ചെയർമാനാണ് ഷൈജു. രോഗികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് എല്ലാവർഷവും കുടുംബസംഗമവും നടത്തും. കലാപരിപാടികളും സദ്യയുമുണ്ടാവും.
ശമ്പളത്തിൽനിന്ന് പങ്ക്
കാരുണ്യദൗത്യത്തിന് ഊർജമേകുന്നതിലേറെയും കെ.എസ്.ഇ.ബി ജീവനക്കാരാണ്. ശമ്പളത്തിൽനിന്ന് 50 മുതൽ 4000 രൂപ വരെ പ്രതിമാസം സംഭാവന നൽകുന്നവരുണ്ട്. വർഷത്തിലൊരിക്കൽ സമ്പാദ്യക്കുടുക്ക പൊട്ടിച്ചും നേർച്ചപ്പെട്ടി തുറന്നും പണവുമായെത്തുന്നവരും കുറവല്ല.
''ക്യാൻസർ രോഗിയെ സഹായിക്കാനാവുമോന്ന് ഒരു ഡോക്ടർ ചോദിച്ചപ്പോൾ ഏറ്റെടുത്ത ദൗത്യത്തിൽ നിന്ന് രൂപംകൊണ്ടതാണ് 'ആശ്വാസം". വൃക്കരോഗികളുടെ ആധിക്യം കണ്ട് സഹായം അവരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
ഷൈജു കേളന്തറ