 
വൈപ്പിൻ: ഞാറക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 34 പ്ലസ്ടു വിദ്യാർത്ഥികളെയും കൊണ്ട് കൊടൈക്കനാലിലേക്ക് വിനോദയാത്രക്ക് പോയ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് അദ്ധ്യാപകനും ബസ് ജീവനക്കാരനും പരിക്കേറ്റു. നിസ്സാര പരിക്കേറ്റ 5 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. ഇന്നലെ രാവിലെ5.50ന് ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിന് സമീപമാണ് അപകടം. വൈദ്യുതി പോസ്റ്റും ബസിന്റെ മുൻവശവും തകർന്നു. താണ്ടവം ടൂർ ആന്റ് ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അദ്ധ്യാപകൻ തിരുവനന്തപുരം സ്വദേശി തോമസ് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റതിനെ തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചു.