light
എം സി റോഡിലെ വല്ലം പുത്തൻ പാലത്തിൽ വഴിവിളക്കുകൾ മിഴിതുറനപ്പോൾ

പെരുമ്പാവൂർ: ഇരുട്ടിലാണ്ട് കിടന്നിരുന്ന വല്ലം പുത്തൻ പാലത്തിൽ പുതുവെളിച്ചവുമായി 60 ഓളം വഴി വിളക്കുകൾ കഴിഞ്ഞ ദിവസം മുതൽ മിഴി തുറന്നു. ഒക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ നഗരസഭയുടെ സഹകരണത്തോടെയാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്.
ഒക്കൽ പഞ്ചായത്തിനെയും നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ പുത്തൻ പാലത്തിലൂടെ നിത്യേന ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളുമാണ് കടന്നുപോകുന്നത്. വല്ലം ജംഗ്ഷനോട് ചേർന്നുള്ള ഈ പാലം വർഷങ്ങളായി ഇരുട്ടിലായിരുന്നു.
ഇതുമൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇരുട്ടിന്റെ മറവിൽ പാലത്തിന്റെ ഇരുവശവും അറവുമാലിന്യം ഉൾപ്പെടെ നിക്ഷേപിക്കലും പതിവായിരുന്നു. സാമൂഹ്യവിരുദ്ധരും ഇവിടെ തമ്പടിച്ചിരുന്നു.

ഫെയ്സ് വല്ലം എന്ന സാമൂഹ്യ സംഘടന പഞ്ചായത്തിന് കത്ത് നൽകിയതിനെ തുടർന്നാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്. അങ്കമാലിയിലെ സ്വകാര്യ പരസ്യ ഏജൻസിയുടെ സഹായത്തോടെ സ്ഥാപിച്ചതിനാൽ പഞ്ചായത്തിനും നഗരസഭയ്ക്കും കാര്യമായ ചിലവുകളില്ല. വൈദ്യുതി ചാർജ് ഉൾപ്പെടെ 20 വർഷത്തെ പരിപാലന ചുമതലയും ഏജൻസി വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുനും മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കലും ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹനനും സംയുക്തമായിട്ടാണ് ഉദ്ഘാടനം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ അദ്ധ്യക്ഷനായി. വാർഡ് അംഗം ഫൗസിയ സുലൈമാൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രാജേഷ് മാധവൻ, അമൃത സജിൻ, ഇ. എസ്. സനിൽ, നഗരസഭ കൗൺസിലർമാരായ ഷെമീന ഷാനവാസ്, റഷീദ ലത്തീഫ്, ബീവി അബൂബക്കർ, ലിസി ഐസക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ് , മനോജ് തോട്ടപ്പള്ളി, സോളി ബെന്നി, സാബു മൂലൻ, പി.കെ. സിന്ധു , കെ.എം. ഷിയാസ്, ഫെയ്സ് വല്ലം പ്രസിഡന്റ് സി.എ. സിയാദ്, അബിനിഷ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു പങ്കെടുത്തു.