 
ചോറ്റാനിക്കര: ചോറ്റാനിക്കര, എരുവേലി മുളന്തുരുത്തി പൊതുമരാമത്ത് റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി നൽകിയ വാർത്ത ഫലം കാണുന്നു. കരാർ കമ്പനി ഇന്നുമുതൽ സർവീസ് റോഡിൽ കട്ട വിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ചെങ്ങോലപ്പാടം സർവീസ് റോഡിൽ പത്തിലേറെ കുഴികൾ രൂപപ്പെട്ടിട്ടും റോഡ് നന്നാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ റോഡ് നന്നാക്കിത്തരുമോ എന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ധർണയും സംഘടിപ്പിച്ചു.
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി ചെങ്ങോലപ്പാടം സർവീസ് റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെങ്ങോലപ്പാടം സർവീസ് റോഡ് ഉപരോധിക്കുകയും ചെയ്തു. റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതുവരെയും ടേക്ക് എ ബ്രേക്ക് ഉൾപ്പെടെ സമരത്തിൽ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെയും സമരം തുടരുമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.