p

കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സിയുടെ വോൾവോ എ.സി. ലോ ഫ്ലോർ ബസ് കത്തിയമർന്നു. യാത്രക്കാരെയെല്ലാം വേഗത്തിൽ പുറത്തിറക്കിയതിനാൽ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോയ മൂവാറ്റുപുഴ ഡിപ്പോയിലെ ബസിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 3.10ഓടെ എറണാകുളം ചിറ്റൂർ റോഡിലെ കാരിക്കാമുറി ജംഗ്ഷനിലായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 30ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

എറണാകുളം കെ.എസ്.ആർ.ടി സ്റ്റാൻഡിൽ നിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴയിലേക്കുള്ള ബസിന്റെ നാലാമത്തെ ട്രിപ്പായിരുന്നു. ക്ലബ് റോഡ് ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമെത്തി നിമിഷങ്ങൾക്കകം തീ നിയന്ത്രണവിധേയമാക്കി.

പ്രദേശത്താകെ പുക, വൈദ്യുതി വിച്ഛേദിച്ചു

ബസിന്റെ പിൻഭാഗം പൂർണമായും തീപിടിച്ചതോടെ കറുത്തപുഴ പ്രദേശമാകെ പരന്നു. വൈദ്യുത പോസ്റ്റിനോട് ചേർന്നായിരുന്നു ബസ്. തീ കൊണ്ട് കേബിളുകൾ ഉരുകി പൊട്ടിവീഴുമോയെന്നും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കുമോയെന്നും ആശങ്കയുയർന്നു. വൈകാതെ ഈ ഭാഗത്ത വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പുറപ്പെട്ട ഉടനെയായിരുന്നതിനാൽ യാത്രക്കാരിൽ 15 പേർക്കേ ടിക്കറ്റ് നൽകിയിരുന്നുള്ളൂ. 10വർഷത്തിലധികം പഴക്കമുള്ളതാണ് ബസ്. അപകടത്തെതുടർന്ന് മേഖലയിൽ ഗതാഗതം താറുമാറായി.

'' യാത്രയ്ക്കിടെ പെടുന്നനെ എ.സി നിന്നുപോയി. എന്തുപറ്റിയെന്ന് ആശങ്കപ്പെട്ടിരിക്കെയാണ് എൻജിൻഭാഗത്ത് നിന്ന് കറുത്തപുക ഉയരുന്നതായി പിന്നിലൂടെവന്ന ബൈക്ക് യാത്രികൻ അറിയിച്ചത്. വോൾവോ ബസിന്റെ പിന്നിലാണ് എൻജിൻ. ബസ് റോഡിൽ നിറുത്തി യാത്രക്കാരെയെല്ലാം പുറത്തിറക്കി. അപ്പോഴേക്കും തീ ആളിപ്പടർന്നു ''

കെ.എം. രാജു

കണ്ടക്ടർ . ''

ഡാഷ് ബോർഡിലെ അപായസിഗ്നൽ തെളിഞ്ഞതോടെ യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡോർ തുറക്കാൻ കഴിഞ്ഞത് ഭാഗ്യം.

വിജേഷ്
ഡ്രൈവർ

എ.സി നിന്നുപോയതും പുക ഉയരുന്നതുമെല്ലാം പെട്ടെന്നായിരുന്നു. യാത്രക്കാർക്കെല്ലാം എന്ത് ചെയ്യണമെന്ന അവസ്ഥയായി. ഡ്രൈവറും കണ്ടക്ടറുമാണ് തങ്ങൾക്ക് ആത്മധൈര്യം തന്നത്. ബസ് കത്തുന്നത് കണ്ട് വല്ലാതായിപ്പോയി. ആർക്കും ആപത്തു പറ്റാതിരുന്നത് മഹാഭാഗ്യം. ഭർത്താവിന്റെ കണ്ണ് ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഡോക്ടറെ കണ്ട് ഭർത്താവും മകളുമൊത്ത് തിരികെ മടങ്ങുമ്പോഴാണ് സംഭവം

മാജിത ഇബ്രാഹിം

ബസിലെ യാത്രക്കാരി

 2.55 ന് ബസ് എറണാകുളം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്നു
03.05 ന് വണ്ടിയുടെ പുറകുവശത്തായി പുക ഉയർന്നു, ആളുകളെ പുറത്തിറക്കുന്നു. തീ നിമിഷങ്ങൾക്കുള്ളിൽ പടരുന്നു. ഫയർ എക്‌സിക്യുഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുന്നു.

സമയം
3.10 ഓടെ ഫയർഫോഴ്‌സ് ഗിരിനഗർ യൂണിറ്റ് സ്ഥലത്തെത്തുന്നു. തീയണയ്ക്കാൻ ശ്രമം തുടരുന്നു. സമീപത്തെ കച്ചവടക്കാരോട് കടയുടെ ഷട്ടർ ഇടാൻ ആവശ്യപ്പെടുന്നു.
3.15 ഓടെ രണ്ടാം യൂണിറ്റ് ക്ലബ് റോഡ് ഫയർ ഫോഴ്‌സ് യൂണിറ്റെത്തുന്നു.
3.20 ഓടെ തീയണയ്ക്കുന്നു