ministr

കൊച്ചി: ജനുവരിയിലെ ആഗോള നിക്ഷേപക സംഗമത്തിൽ അനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്- എക്സ്റ്റൻഡഡ് റിയാലിറ്റി വിഭാഗത്തിനെ(എ.വി.ജി.സി-എക്‌സ്. ആർ) പ്രത്യേക മേഖലയായി പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇൻഫോപാർക്കിൽ ആരംഭിച്ച എ.വി.ജി.സി എക്‌സ്.ആർ അരീനയിൽ വിവിധ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മലയാളി പ്രതിഭകളാണ് ലോകമെമ്പാടും മുൻനിര അനിമേഷൻ സ്ഥാപനങ്ങളിലുള്ളത്. എ.വി.ജി.സി-എക്‌സ്. ആർ മേഖല കേരളത്തിൽ സജീവമാകുന്നതോടെ ഇവർക്ക് നാട്ടിലേക്ക് തിരിച്ചെത്താനാകും. ആഗോള നിക്ഷേപക സംഗമത്തിൽ ഈ മേഖലയിൽ കൂടുതൽ നിക്ഷേപമെത്തുമെന്നും മന്ത്രി പറഞ്ഞു.

ഫിലിം സിറ്റി

കേരളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനികൾ ഫിലിം സിറ്റി തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ അനിമേഷന് പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് രാജീവ് പറഞ്ഞു. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സൈക്ക് സെക്രട്ടറി ശരത് ഭൂഷൺ തുടങ്ങിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിലവിൽ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൂറിലധികം എ.വി.ജി.സി-എക്‌സ്.ആർ സ്റ്റുഡിയോകളുണ്ട്.