1
ചിത്രം

മട്ടാഞ്ചേരി: പശ്ചിമകൊച്ചി ദീപാവലി ആഘോഷ ലഹരിയിലാണ്. വടക്കേഇന്ത്യൻ സമൂഹത്തിന്റെ ആചാരാനുഷ്ഠാന ദീപാവലി ആഘോഷങ്ങൾ ഇന്ന് തുടങ്ങും . ധൻതേരാസിൽ തുടങ്ങി കാലിചൗദസ്, ദീവാളി, സംവത്സരി, ഭായിധൂത് വരെയുള്ള അഞ്ച് ദിനങ്ങളിലാണ് പരമ്പരാഗത ആഘോഷം.

ആധുനിക കാലഘട്ടത്തിലും ആചാരത്തനിമ കൈവിടാതെയാണ് ദീപാവലിയാഘോഷം നടക്കുന്നത്. വാണിജ്യവ്യവസായമേഖലയ്ക്ക് സംവത്സരി പുതുവർഷം കൂടിയാണ് ദീപാവലിദിനം. ദീപാവലി നാളിലെ 'ചൗപ്പട' പൂജയിൽ ഈശ്വരസമക്ഷം സമർപ്പിക്കുന്നതിനുള്ള സ്വർണം, വെള്ളി വാങ്ങുന്ന ദിനമാണ് ധൻതേരാസ്. പുതുവർഷപൂജയ്ക്ക് മുമ്പായി വീടും വ്യാപാര സ്ഥാപനങ്ങളും ശുദ്ധീകരിക്കുന്ന ദിനമാണ് കാലിചൗദസ്. ദീപാവലി ദിനത്തിലാണ് ചൗപടപൂജ. സകുടുംബം ഒത്തുചേർന്ന് വ്യാപാരകേന്ദ്രങ്ങളിൽ പുതുവർഷ വരവേല്പിന്റെ പൂജയും തുടർന്ന് വ്യാപാരത്തുടക്കവുമായി മൂഹൂർത്തക്കച്ചവടവും നടത്തും. സംവത്സര ദിനത്തിൽ ഗൃഹങ്ങളിൽ ഗുഗ്ര, ഗോബപുരി തുടങ്ങിയ പാരമ്പര്യ വിഭവങ്ങളൊരുക്കും. ബന്ധുമിത്രാദികൾക്ക് മധുരംനൽകി സാൽ മുബാരക് സന്ദേശവുമായി പുതുവത്സരാശംസകൾ നേരും. ബായി ധൂത് ദിനത്തിൽ സഹോദര ഭവനങ്ങളിലെത്തി മധുരവും സമ്മാനങ്ങളും നൽകി കുടുംബസൗഹൃദത്തെ ദൃഢമാക്കും.

സാമൂഹികവും വാണിജ്യപരവും ആത്മീയതയും ഒത്തുചേർന്നുള്ള വടക്കേഇന്ത്യൻ സമൂഹദീപാവലിയാഘോഷം വേറിട്ട കാഴ്ചയാണൊരുക്കുക. ദീപാവലി ദിനത്തിൽ വീടുകൾ ദീപാലങ്കാരമൊരുക്കി മധുര പലഹാരവിതരണം നടത്തിയും പടക്കം പൊട്ടിച്ചും സന്തോഷംപങ്കിടും. കൊച്ചിയുടെ നഗരവീഥികളെ ആഘോഷ ലഹ രിയിലാഴ്ത്തുന്ന ദീപാവലിയാഘോഷം ഇപ്പോഴും കൊച്ചിയുടെ പാരമ്പര്യത്തനിമകൾ ചോരാതെയുള്ള വടക്കേഇന്ത്യൻ സാമൂഹിക ആഘോഷങ്ങളിലൊന്നാണ്.