കൊച്ചി: എറണാകുളം വൈറ്റിലയിൽ ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ പീഡിപ്പിച്ച കേസിൽ പൊലീസ് ബംഗളൂരുവിലേക്ക്. കുടുംബവുമൊത്ത് തീർത്ഥാടനത്തിനുപോയ പ്രതി, യുവതി പരാതി നൽകിയതറിഞ്ഞ് ഇവിടെ നിന്ന് ഒളിവിൽ പോവുകയായിരുന്നു. ബംഗളൂരുവിലുള്ള ബന്ധുവീടുകളിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ച 75കാരനായാണ് അന്വേഷണം. ഇയാളുടെ അറസ്റ്റ് വൈകുന്നതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഒഡീഷയിലെ ഗജപതി ജില്ലയിലെ 22കാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ് മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഒക്ടോബർ 4നാണ് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15,000 രൂപ മാസശമ്പളത്തിൽ ജോലിക്കെത്തിയത്. കഴിഞ്ഞ 15ന് വീട്ടിൽ ആരുമില്ലാത്ത സമയം ജ്യൂസിൽ മദ്യം കലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. 22കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.