കാക്കനാട്: എറണാകുളം കളക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. ജില്ലാ ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയിയുടെ മുന്നിൽ വച്ച് പള്ളുരുത്തി സ്വദേശി ഷീജ (45) ദേഹത്ത് പെട്രോൾ ഒഴിച്ചെങ്കിലും ഓഫീസ് ജീവനക്കാർ ബാഗും കുപ്പിയും പിടിച്ചു വാങ്ങി. ഇതിനിടെ കുഴഞ്ഞു വീണ ഇവരെ തൃക്കാക്കര പൊലീസ് എത്തി മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടകവസ്തു അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഷീജയ്ക്കെതിരെ കേസെടുത്തു.
കൊച്ചി കോർപ്പറേഷനിലെ കെട്ടിടത്തിന്റെ പ്ലാൻ വരച്ചതിലെ ക്രമക്കേടിനെ തുടർന്ന് വകുപ്പ് ബിൽഡിംഗ് ലൈസൻസിയായ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യം സംസാരിക്കാൻ ഭർത്താവ് ശ്രീകാന്തിനൊപ്പം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഷീജ കളക്ടറേറ്റിൽ എത്തിയത്. സസ്പെൻഷൻ പിൻവലിക്കാൻ നിയമപരമായി ബുദ്ധിമുട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചപ്പോൾ ബാഗിൽ നിന്ന് കുപ്പിയെടുത്ത് പെട്രോൾ ദേഹത്ത് ഒഴിക്കുകയായിരുന്നു.
ഗാർഹിക ആവശ്യത്തിന് നിർമ്മിച്ച കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതതിനെ തുടർന്ന് പെർമിറ്റ് റദ്ദാക്കി, പ്ലാൻ വരച്ച ലൈസൻസിക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് ജോയിന്റ് ഡയറക്ടർ പറഞ്ഞു. കേസ് വിജിലൻസിന്റെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പെർമിറ്റിനുള്ള പ്ലാൻ മാത്രമാണ് താൻ വരച്ചതെന്നും കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള പ്ലാൻ മറ്റൊരു ലൈസൻസിയുടേതാണെന്നും താൻ നിരപരാധിയെണെന്നും ഷീജ പറഞ്ഞു.