ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ കല്ലുകടിയായി അറബി നാടകമത്സരം. നാല് മണിക്ക് ടാസ് ഹാളിൽ നടക്കേണ്ടിയിരുന്ന ഹൈസ്കൂൾ വിഭാഗം അറബി നാടകം വിധികർത്താക്കൾ എത്താത്തതിനെ തുടർന്ന് 9 മണി കഴിഞ്ഞിട്ടും തുടങ്ങാനായില്ല. ഒടുവിൽ പുറത്ത്നിന്ന് മറ്റ് വിധികർത്താക്കളെ കൊണ്ടുവന്നാണ് മത്സരം ആരംഭിച്ചത്. ഇതോടെ നാടകത്തിൽ അഭിനയിക്കുന്നതിനായി വേഷം മാറിയ വിദ്യാർത്ഥികളും കൂട്ടിനെത്തിയ അദ്ധ്യാപകരും രക്ഷിതാക്കളും മണിക്കൂറുകളോളം വലഞ്ഞു.
വൈകിട്ട് മൂന്നിന് ആരംഭിച്ച ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകം നാലിന് അവസാനിക്കണം. തുടർന്ന് അറബി നാടകം അരങ്ങേറും എന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ടീമുകളെല്ലാം നാല് മണിയോടെ വേഷം മാറി ഹാളിലെത്തി. എന്നാൽ ആറ് മണിയോടെയാണ് ചവിട്ടുനാടകം അവസാനിച്ചത്. തുടർന്ന് അറബി നാടകം ആരംഭിച്ചില്ല. കാര്യം തിരക്കിയപ്പോഴാണ് മറ്റ് വേദികളിൽ നടക്കുന്ന മത്സരത്തിൽ വിധികർത്താക്കളായി ഇരിക്കുന്നവരാണ് അറബി നാടകത്തിനും മാർക്ക് ഇടാൻ എത്തേണ്ടതെന്ന് അറിയുന്നത്.