drdo

കൊച്ചി: പ്രതിരോധ ഗവേഷണസ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ ഡെയർ ടു ഡ്രീം അവാർഡ് കേരളത്തിലെ അസ്‌ട്രെക് ഇന്നവേഷൻസ് നേടി. ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൽ നിന്ന് അസ്‌ട്രെക് സി.ടി.ഒ അലക്‌സ് എം. സണ്ണി പുരസ്‌കാരം ഏറ്റുവാങ്ങി.

അസ്‌ട്രെക്കിന്റെ എക്‌സോസ്‌കെലറ്റൻ സാങ്കേതികവിദ്യയാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. സൈനികരുടെ മികവ് വർദ്ധിപ്പിക്കാനും ശാരീരികവിഷമതകൾ കുറയ്ക്കാനും പ്രവർത്തനമികവ് കൂട്ടാനും സാധിക്കുന്ന സാങ്കേതികവിദ്യയാണിത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ സേനാവിഭാഗങ്ങൾക്കായി അത്യാധുനിക സാങ്കേതികവിദ്യ പ്രാദേശികമായി ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് സഹസ്ഥാപകനും സി.ഒ.ഒയുമായ ജിതിൻ വിദ്യ അജിത് പറഞ്ഞു. വൈവിദ്ധ്യങ്ങളാർന്ന ഉത്പന്നങ്ങൾ നിർമ്മിക്കാൻ അസ്‌ട്രെക്കിന് ശേഷിയുണ്ടെന്ന് ജിതിൻ പറഞ്ഞു.