
മുളന്തുരുത്തി: രണ്ട് കുട്ടികളും അന്ധയായ ചിറ്റയ്ക്കും ഭർത്താവിനും താങ്ങാവണമെന്ന ജീനയുടെ ആഗ്രഹത്തിന് ഇപ്പോൾ 30 ലക്ഷം രൂപയാണ് വില. ജീനയുടെ ജീവനും. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പെരുമ്പിള്ളിയിൽ കിഴക്കേ മലയിൽ വീട്ടിൽ ജീന ഗോപിനാഥിന് ജീവനും ജീവിതവും മുന്നോട്ടുപോകണമെങ്കിൽ സുമനസുകൾ കനിയണം. രക്തം രൂപപ്പെടുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു കൂട്ടം അവസ്ഥകളുടെ പേരായ മൈലോഡിസ് പ്ലാസ്റ്റിക് സിൻഡ്രോം എന്ന രോഗത്തിന് അടിമയാണ് ജീന ഇപ്പോൾ. 2023 ജൂലായിലാണ് ജീനയിൽ അസുഖം കണ്ടെത്തുന്നത്.
20 ലക്ഷം രൂപ ഇതിനോടകം ചികിത്സയ്ക്കായി ചെലവായി.
ഭർത്താവ് രതീഷാണ് ഇപ്പോൾ ജീനയുടെയും മക്കളുടെയും കണ്ണുകാണാത്ത ചിറ്റയുടെയും കാര്യങ്ങളെല്ലാം നോക്കുന്നത്. അതോടെ രതീഷിന് ജോലിക്ക് പോകാൻ പറ്റാതെയായി. കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയുമാണ് ഇത്രനാളും ചികിത്സ മുന്നോട്ടു കൊണ്ടുപോയത്. ബാങ്കിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പ്രശ്നങ്ങൾ വേറെയുമുണ്ട്. എങ്കിലും കൃത്യമായ ചികിത്സ നൽകിയാൽ ജീനയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നാണ് പ്രതീക്ഷ.
മജ്ജ മാറ്റിവയ്ക്കലാണ് ഇനിയുള്ള മാർഗം. ഇതിനായി 30 ലക്ഷം രൂപ ചെലവ് വരും. ജീനയുടെ സഹോദരി മജ്ജ നൽകുവാൻ തയ്യാറായിട്ടുണ്ട്. എന്നാൽ പണം കണ്ടെത്താനാകുമെന്ന ആശങ്കയിലാണ് കുടുംബം.
ജീനയുടെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയുടെ നേതൃത്വത്തിൽ ചികിത്സ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. അതിനായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി പട്ടച്ചേരിൽ, വാർഡ് മെമ്പർ ജോയൽ കെ. ജോയ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് മുളന്തുരുത്തി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് വിവരങ്ങൾ
അക്കൗണ്ട് നമ്പർ:11410200007787
IFSC കോഡ് : FDRL0001141
രതീഷ് പി എസ്
ഫെഡറൽ ബാങ്ക്
മുളത്തുരുത്തി