
ദേശീയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2025 ആദ്യ സെഷൻ പരീക്ഷ ജനുവരി 22 നും 31 നും ഇടയിൽ നടത്തും. രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, നൂറോളം ദേശീയ സാങ്കേതിക വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബി.ടെക് ബിരുദ പ്രവേശനത്തിനും, ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രവേശനത്തിനും ജെ.ഇ.ഇമെയിൻ സ്‌കോർ വേണം. ജെ.ഇ.ഇ മെയിൻ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇഅഡ്വാൻസ്ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്.
എൻജിനിയറിംഗ്, ആർക്കിടെക്ചർ, പ്ലാനിംഗ് ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയാണിത്. എൻജിനിയറിംഗ് ബിരുദ കോഴ്‌സിന് വേണ്ടി ജെ.ഇ.ഇ മെയിനിന് അപേക്ഷിക്കാൻ പ്ലസ് ടു തലത്തിൽ 75 ശതമാനം മാർക്കോടെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചിരിക്കണം. ബി.ആർക്കിനു മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചിരിക്കണം. ബി.പ്ലാനിംഗിനും മാത്തമാറ്റിക്‌സ് നിർന്ധമാണ്. പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥികൾക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി, ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം
പരീക്ഷ
................
മൂന്ന് മണിക്കൂറാണ് പരീക്ഷാ സമയം. രണ്ട് പേപ്പറുകളുണ്ടാകും. പേപ്പർ ഒന്ന് സെക്ഷൻ എയിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയിൽ നിന്നായി ഓരോവിഷയത്തിനും 20 വീതം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. സെക്ഷൻ ബിയിൽ ഓരോ വിഷയത്തിൽ നിന്നും അഞ്ചു വീതം ന്യൂമെറിക്കൽ ഉത്തരം നൽകേണ്ട ചോദ്യങ്ങളുണ്ടാകും. ഈ വർഷം സെക്ഷൻ ബിയിലുള്ള ചോദ്യങ്ങൾക്ക് ചോയ്‌സ് ഉണ്ടാകില്ല. പേപ്പർ രണ്ടിൽ എ പാർട്ടിൽ ആർക്കിടെക്ചർ, ബി പാർട്ടിൽ പ്ലാനിംഗ് എന്നിവയ്ക്കാണ്. ഇവയ്ക്ക് ഓരോന്നിനും പാർട്ട് ഒന്ന് മാത്തമാറ്റിക്‌സ്, പാർട്ട് രണ്ട് അഭിരുചി പരീക്ഷയുണ്ടാകും. പാർട്ട് മൂന്നിൽ ആർക്കിടെക്ടച്ചറിനു കമ്പ്യൂട്ടർ അധിഷ്ഠിത ഡ്രോയിംഗ് ടെസ്റ്റും, പ്ലാനിംഗിന് പ്ലാനിംഗ് അധിഷ്ഠിത 25 ചോദ്യങ്ങളുമുണ്ടാകും.
ഇംഗ്ലീഷ്, ഹിന്ദി, 11 പ്രാദേശിക ഭാഷകളിൽ ചോദ്യങ്ങളുണ്ടാകും.
എൻ.സി.ഇ.ആർ.ടി 11, 12 ക്ലാസുകളിലെ സിലബസിൽ നിന്നാണ് ചോദ്യങ്ങളുണ്ടാകുക. ജെ.ഇ.ഇ പരീക്ഷയിൽ ടൈം മാനേജ്‌മെന്റ് ഏറെ പ്രാധാന്യമർഹിക്കുന്നു. അതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പരമാവധി പ്രാക്ടീസ് ടെസ്റ്റുകൾ ചെയ്യാൻ ശ്രമിക്കണം.ചിട്ടയോടെയുള്ള തയ്യാറെടുപ്പിലൂടെ ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച സ്‌കോർ നേടാനാവും. ജെ.ഇ.ഇ മെയിൻ പരീക്ഷ എൻ.ടി.എയും അഡ്വാൻസ്ഡ്- 2025 പരീക്ഷ കൺപൂർ ഐ.ഐ.ടിയുമാണ് നടത്തുന്നത്.
അപേക്ഷിക്കാൻ പ്രായപരിധിയില്ല. അപേക്ഷകർക്ക് താത്പര്യമനുസരിച്ച് രണ്ടു സെഷനുകളിലേക്കും അപേക്ഷിക്കാം. ജനുവരിയിലേക്കുള്ള അപേക്ഷ നവംബർ 22 വരെ സമർപ്പിക്കാം. രണ്ടാമത്തെ സെഷനിലേക്കുള്ള പരീക്ഷ ഏപ്രിൽ ഒന്ന് മുതൽ എട്ടു വരെ നടക്കും. 2025 ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷിക്കാനും www.jeemain.nta.nic.in സന്ദർശിക്കുക.