
കൊച്ചി: മതിലിന് അടിച്ച പെയിന്റ് പൊളിഞ്ഞു പോയെന്ന പരാതിയിൽ ഉപഭോക്താവിന് ബെർജർ പെയിന്റ് കമ്പനിയും ഡീലറും ചേർന്ന് 3,55,839 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. 30 ദിവസത്തിനകം തുക നൽകണം. കോതമംഗലം പല്ലാരിമംഗലം സ്വദേശി ടി.എം.മൈതീൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോതമംഗലത്തെ വിബ്ജോർ പെയിന്റ്സിൽ നിന്ന് ഒരു വർഷത്തെ വാറണ്ടിയോടെയാണ് പരാതിക്കാരൻ ബർജർ പെയിന്റ് വാങ്ങിയത്. പെട്ടെന്ന് തന്നെ പെയിന്റ് പൊളിഞ്ഞു പോകാൻ തുടങ്ങി. പരാതിപ്പെട്ടപ്പോൾ കമ്പനിയുടെ പ്രതിനിധി വന്നു പരിശോധിച്ചെങ്കിലും പിന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിക്കാരൻ പറയുന്നു. പെയിന്റ് വിലയും റിപ്പയറിംഗ് ചാർജും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഭിത്തിയിലെ ഈർപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും ഉപ്പുരസമുണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നും ഇത് വാറണ്ടിയുടെ പരിധിയിൽ വരില്ലെന്നുമായിരുന്നു കമ്പനിയുടെ മറുപടി സത്യവാങ്മൂലം. പെയിന്റിന്റെ ഗുണനിലവാരത്തിൽ ഉത്തരവാദിത്വമില്ലന്നും നിർമ്മാതാക്കളാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും ഡീലർ വിബ്ജോർ പെയിന്റ്സ് ബോധിപ്പിച്ചു.
ഗുണനിലവാരമില്ലാത്തതിനാലാണ് പെയിന്റ് പൊളിഞ്ഞു പോയതെന്ന് കോടതി നിയോഗിച്ച വിദഗ്ദ്ധ കമ്മിഷൻ റിപ്പോർട്ട് നൽകി. നിർമ്മാതാക്കളുടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഉത്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുമ്പോൾ ഇത്തരം അധാർമികമായ വ്യാപാര രീതി അനുവദിക്കാനാവില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.
നഷ്ടപരിഹാരക്കണക്ക്
പെയിന്റ് വില : 78,860
പുതിയ പെയിന്റ് , കൂലി : 2,06,979
നഷ്ടപരിഹാരം : 50,000
കോടതി ചെലവ് : 20,000
ആകെ : 3,55,839