chicken

കൊച്ചി: ക്രിസ്തുമസിനും പുതുവർഷാഘോഷത്തിനും ഇനി രണ്ടു മാസം മാത്രം അവശേഷിക്കെ പ്രൗൾട്രി മേഖലയിൽ ആശങ്കയുയർത്തി പക്ഷിപ്പനി നിയന്ത്രണം. നിയന്ത്രണം തുടരുന്നതിനാൽ സീസണിനാവശ്യമായ മുട്ടകൾ വിരിയിക്കുവാൻ കർഷകർക്ക് സാധിച്ചിട്ടില്ല. പക്ഷി വളർലിനും വില്പനയ്ക്കും സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

കൃഷിയിറക്കേണ്ട സമയമായിട്ടും സർക്കാർ നിയന്ത്രണത്തിൽ അയവുവരുത്തിയിട്ടില്ല. താറാവിനാണ് പക്ഷിപ്പനി കണ്ടുവരുന്നതെങ്കിലും കോഴിക്കും കാടയ്ക്കും വിലക്ക് ബാധകമാണ്.
സെപ്തംബർ രണ്ടിനാണ് പക്ഷിപ്പനി ബാധിത മേഖലകളിൽ നിയന്ത്രണമേർപ്പെടുത്തിയുള്ള വിജ്ഞാപനമിറക്കിയത്. നിയന്ത്രണ മേഖലയിലേക്ക് പക്ഷികളെയോ കുഞ്ഞുങ്ങളെയോ കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടില്ല.

 അവലോകന യോഗം ചേരുന്നില്ല

ഡിസംബർ 31 വരെയാണ് നിയന്ത്രണം. 15 ദിവസം കൂടുമ്പോൾ അവലോകന യോഗം ചേർന്ന് പ്രശ്‌നബാധിതമല്ലാത്ത മേഖലയ്ക്ക് ഇളവ് വരുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ അങ്ങനെയൊരു യോഗം ചേർന്നിട്ടില്ല. നിരോധനം സംബന്ധിച്ച് റിപ്പോർട്ടിലെ പുനരാവലോകന നടപടികൾക്കായി വിദഗ്ദ്ധരെ ചുമതലപ്പെടുത്തണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.നിലവിൽ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് മറ്റ് ജില്ലകളിൽ നിന്നാണ് കോഴിയെ ഇറക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ക്രിസ്മസ് ന്യൂഇയർ കാലത്ത് വില വർദ്ധനവടക്കം പ്രതിസന്ധി സൃഷ്ടിക്കും. കർഷകർക്ക് കൂടുതൽ വില്പന ലഭിക്കുന്ന രണ്ടുപ്രധാനപ്പെട്ട സീസണിൽ ഒന്നാണ് ക്രിസ്മസ് പുതുവർഷ വിപണി. ഡിസംബർ മാസത്തെ കച്ചവടത്തിൽ നിന്നാണ് കർഷകർക്ക് ഉത്പാദന ചെലവിനെക്കാൾ കൂടുതൽ തുക ലഭിക്കുക.
പണയം വച്ചും വായ്‌പെടയുത്തുമൊക്കെ കൃഷിയിറക്കുന്നവരുടെ പ്രതീക്ഷയാണ് സീസൺ.


എവിടെ നഷ്ടപരിഹാരം
പക്ഷിപ്പനിയെത്തുടർന്ന് കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരവും ഇതുവരെ കിട്ടിയിട്ടില്ല. രണ്ടുമാസം മുമ്പ് കേന്ദ്രം അനുവദിച്ച തുക ഇനിയും സംസ്ഥാന സർക്കാർ കർഷകർകരിലേക്ക് നൽകിയിട്ടില്ല. അതിനുശേഷമായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്.

പക്ഷി വളർത്തൽ നിരോധനം കാരണം സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. നഷ്ടപരിഹാരം നൽകുകയും അടിയന്തരമായി അവലോകനം നടത്തി ക്രിസ്മസ് സീസണിലേക്ക് ഇറച്ചി കോഴികളെ വളർത്തുവാനുള്ള അനുകൂല സാഹചര്യം ഉണ്ടാകണം.

എസ്.കെ.നസീർ

ജനറൽ സെക്രട്ടറി

ഓൾ കേരള പൗൾട്രി ഫെഡറേഷൻ

 ഡിസംബർ 31 വരെയാണ് നിയന്ത്രണം.