 
ആലുവ: കീഴ്മാട് പഞ്ചായത്തിൽ തുമ്പിച്ചാൽ ജലസംഭരണിക്ക് സമീപത്ത് നിന്നുള്ള മനയ്ക്കാട് പാലേകുഴി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിൽ കാൽനട യാത്രക്കാരിയായ വീട്ടമ്മ വീണ് കാലൊടിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. 5,6,7 വാർഡ് നിവാസികൾക്ക് കീഴ്മാട് പഞ്ചായത്ത്, ആശുപത്രി, വില്ലേജ് ആഫീസ്, കൃഷിഭവൻ തുടങ്ങി ഇടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് തകർന്ന് കിടക്കുന്നത്. രണ്ടു കിലോമീറ്റർ യാത്ര വേണ്ടിടത്ത് ആറു കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ദുരവസ്ഥയാണിപ്പോഴുള്ളത്. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. തുമ്പിച്ചാൽ പാടത്ത് കൃഷി ചെയ്യുന്നവർക്ക് ആവശ്യമായ സാധനങ്ങൾ വാഹനത്തിൽ എത്തിക്കാനോ വിളകൾ കൊണ്ടുവരാനോ സാദ്ധ്യമല്ല.
മനയ്ക്കക്കാട്ടിൽ നിന്ന് ഡോൺബോസ്‌ക്കോ വരെ ഒന്നേകാൽ കിലോമീറ്ററോളം വരുന്ന റോഡിന്റെ പകുതി ദൂരം ഒന്നര കൊല്ലം മുമ്പ് ജില്ലാ പഞ്ചായത്ത് ടാർ ചെയ്തിട്ടുണ്ട്. ബാക്കി പാടത്തിനോട് ചേർന്ന് റോഡിന്റെ 500 മീറ്ററിൽ 350 മീറ്റർ 2018ൽ ആറ് മീറ്റർ വീതിയിൽ കൈയ്യാല കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്. ശേഷിക്കുന്ന 150 മീറ്റർ കൈയ്യാല കെട്ടൽ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഇതു കൂടി പൂർത്തീകരിച്ച് ടാറിംഗ് നടത്തണമെന്നും മഴവെള്ളം കുത്തിയൊലിക്കുന്ന 50 മീറ്റർ ഭാഗത്ത് കട്ടകൾ വിരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ 200 മീറ്റർ നിളമുള്ള വിരിപ്പ് തുലാപാടം റോഡ് കൂടി ടാറിംഗ് നടത്തിയാൽ കീഴ്മാടിലേക്ക് ജനങ്ങൾക്ക് എളുപ്പമെത്താനുമാകും
ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് റോഡിന്റെ പൂർത്തീകരണത്തിന് വേണ്ടി കീഴ്മാട് പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
പി.ഇ. സുധാകരൻ
ലൈബ്രറി സെക്രട്ടറി