കൊച്ചി: യുവാക്കളുടെ അഭിലാഷങ്ങൾക്കും രാജ്യം നൽകുന്ന അവസരങ്ങൾക്കും ഇടയിലുള്ള പാലമായാണ് റോസ്ഗർ മേളയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദേശീയ തല റോസഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമനം ലഭിച്ചവരെ സുരേഷ് ഗോപി അഭിനന്ദിച്ചു. ഓരോ നിയമനവും ഒരു ജോലിയേക്കാൾ ഉപരിയാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും അർത്ഥപൂർണമായി രാജ്യത്തെ സേവിക്കാനും സംഭാവന ചെയ്യാനുമുള്ള പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം 40 സ്ഥലങ്ങളിലാണ് മേള നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ 51,000ത്തിലധികം പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് നിയമന കത്തുകൾ വിതരണം ചെയ്ത് സംസാരിച്ചു.

135 പേർക്ക് നിയമന കത്തുകൾ കൈമാറി. 25 പേർക്ക് സുരേഷ് ഗോപിയും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ അതത് വകുപ്പുകളിൽ നിയമനം ലഭിച്ചവർക്കും കത്തുകൾ കൈമാറി. തപാൽ വകുപ്പ്, റെയിൽവേ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് നിയമനം.

തിരുവനന്തപുരത്ത് നടന്ന റോസ്ഗർ മേള കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു.