കൊച്ചി: എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്റെ പുല്ലുവഴിയിലെ വീട്ടിൽ കവർച്ചാശ്രമം നടത്തിയ കേസിൽ രണ്ട് പേരെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ഇവരെ ചോദ്യംചെയ്തുവരികയാണ്. വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുന്നത്തുനാട് സ്വദേശിയായ ഒരാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഒരു സ്ത്രീയെയും സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ വീട് വൃത്തിയാക്കാനും മറ്റും എത്തിയ ജോലിക്കാരിയാണ് പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.
പുല്ലുവഴിയിലെ സംസ്ഥാന പാതയോരത്താണ് മജിസ്‌ട്രേറ്റിന്റെ വീട്. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമമുണ്ടായിരുന്നു. മേഖലയിലെ സി.സി.ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ നിലയിൽ കുന്നത്തുനാട് സ്വദേശിയെ കണ്ടു. ഇയാളുടെ വിവരങ്ങളെടുത്തപ്പോൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്നാണ് മറ്റൊരാൾ കുടുങ്ങിയത്. കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിലെ കേസിൽ ഹാജരാകാൻ പോവുകയായിരുന്നു എന്നാണ് കുന്നത്തുനാട് സ്വദേശിയുടെ മൊഴി. ഇത് അന്വേഷണസംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല.
പ്രതികൾ ചിലകാര്യങ്ങൾ മറയ്‌ക്കാൻ ശ്രമിക്കുന്നതായാണ് പൊലീസിന്റെ സംശയം. വീടുകളിൽ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല.
മജിസ്‌ട്രേറ്റ് എറണാകുളത്തും ബന്ധു കോട്ടയത്തുമാണ് താമസം. ആൾത്താമസമില്ലാത്ത വീടാണിതെന്ന് പലർക്കും അറിവുണ്ട്. 2022ൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. മോഷ്ടക്കാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.