
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സംഗീതാസ്വാദകരെ വിസ്മയത്തിലാക്കി ശ്രോതാക്കളാവശ്യപ്പെട്ട ഗാനങ്ങൾ ഒന്നൊഴിയാതെ വിരലുകളിലാവാഹിച്ച പ്രകാശ് ഉള്ളേരിയുടെ ഹാർമോണിയം സോളോ. മൂവാറ്റുപുഴ മേള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഹാർമണി എന്ന പേരിൽ സംഗീതസന്ധ്യ ഒരുക്കിയത്. മലയാളത്തിലെയും തമിഴിലെയും ആദ്യകാലം മുതലുള്ള സംഗീതസംവിധായകർ ഈണമിട്ട നിത്യഹരിത സിനിമാഗാനങ്ങൾ അവതരിപ്പിച്ചതും ഹൃദ്യമായി. ഗിറ്റാറിലും താളവാദ്യത്തിലും തങ്ങളുടേതായ സ്ഥാനം സംഗീതലോകത്തുറപ്പിച്ച സന്ദീപ് മോഹനും സുനിൽകുമാറും പ്രകാശിന് അകമ്പടിയായി.
മേളയുടെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ഇടുക്കി എം.പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. മേള പ്രസിഡന്റ് പി.എം. ഏലിയാസ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. മോഹൻദാസ്, വൈസ് പ്രസിഡന്റ് പി.എ. സമീർ, ജോയിന്റ് സെക്രട്ടറി ഒ. പ്രിജിത് എന്നിവർ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി കലാകാരന്മാരെ മേള പൊന്നാടയണിയിച്ച് ആദരിച്ചു.