കൊച്ചി: യാത്രയ്‌ക്കിടെ കത്തിയമർന്ന എസ്.സി ലോ ഫ്‌ളോർ ബസിൽ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പരിശോധന നടത്തി. എറണാകുളം കെ.എസ്.ആർ.ടി.സി ഗ്യാരേജിലേക്ക് മാറ്റിയ ബസിൽ രാവിലെ ആരംഭിച്ച പരിശോധന ഏതാനും മണിക്കൂർ നീണ്ടു. ഷോർട്ട് സർക്യൂട്ടാണെന്ന നിഗമനത്തിലാണ് മെക്കാനിക്കൽ വിഭാഗവും. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ ബസിന് തിങ്കളാഴ്ച വൈകിട്ടാണ് തീപിടിച്ച്. 30 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. തീ പടരുന്നതിന് മുൻപ് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവാക്കി. പിന്നിലൂടെ വന്ന ബൈക്ക് യാത്രികനാണ് കറുത്തപുക ഉയരുന്നതായി കണ്ടക്ടറെ അറിയിച്ചത്. തീപിടിച്ചതോടെ പിന്നിലെ ചില്ലുകൾ പൊട്ടിത്തെറിച്ചു. ഗാന്ധിനഗർ, ക്ലബ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.