periyar
കുന്നുകര വയൽക്കരയിൽ പെരിയാർ തീരം സ്വകാര്യ വ്യക്തികൾ കൈയ്യേറി കോൺക്രീറ്റ് ഭിത്തി സ്ഥാപിച്ച നിലയിൽ.

നെടുമ്പാശേരി: പെരിയാർ തീര സംരക്ഷണത്തിന്റെ മറവിൽ കുന്നുകര ഗ്രാമപഞ്ചായത്തിൽപ്പെട്ട ഏഴാം വാർഡ് വയൽക്കരയിൽ സർവേ നമ്പർ 559/10നോട് അനുബന്ധിച്ചു നൂറുകണക്കിന് സെന്റ് തീരം സ്വകാര്യ വ്യക്തികൾ കൈയേറുന്നതായി പരാതി.

തീരം ഇടിഞ്ഞത് സംരക്ഷിക്കാനെന്ന വ്യാജേനയാണ് പുഴ അനധികൃതമായി നികത്തുന്നത്. പുഴയിലേക്ക് 10മീറ്റർ ഇറക്കി നടത്തുന്ന വ്യാപക നികത്തൽ പഞ്ചായത്ത്, വില്ലേജ്, ജില്ലാ ഭരണകൂടങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന ആരോപണമുണ്ട്. ഇതിനോടകം ഒരു കിലോമീറ്ററോളം വരുന്ന തീരം കോൺക്രീറ്റ് ഭിത്തി കെട്ടി മണ്ണടിച്ചു നികത്തിയ നിലയിലാണ്. നാളുകൾക്കുള്ളിൽ അനധികൃതമായി നികത്തിയ ഭൂമി, ഭൂമി തരം മാറ്റൽ പ്രക്രിയയിലൂടെ പെരിയാർ ഭൂമി ക്രമവത്കരിക്കുമെന്നും വ്യക്തമാണ്. വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയതായി പറയുന്നുണ്ടെങ്കിലും കൈയേറ്റവും നിർമ്മാണവും തുടരുകയാണ്.

പ്രതിഷേധവുമായി കർഷക മോർച്ച

അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന പെരിയാർ തീരം കൈയേറ്റത്തിനെതിരെ ബി.ജെ.പി കർഷക മോർച്ച ജില്ലാ കമ്മിറ്റി രംഗത്തെത്തി. ബി.ജെ.പി പരിസ്ഥിതി സെൽ സംസ്ഥാന കൺവീനർ ഡോ. സി.എം. ജോയി, ജില്ലാ കൺവീനർ മുരളീകൃഷ്ണൻ, കോ - കൺവീനർ അജിത് കുമാർ, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗം രഘുനന്ദനൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പെരിയാർ തീര കൈയേറ്റവും പെരിയാറിനകത്തെ അനധികൃത കോൺക്രീറ്റ് ഭിത്തി നിർമ്മാണവും റിയൽ എസ്റ്റേറ്റ് മാഫിയയുടെ പ്രവർത്തനങ്ങളും തടയണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.