കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിനെ കാണാൻ വൈദികർ ശ്രമിച്ചത് ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷം സൃഷ്‌ടിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത വൈദികരെ പിന്നീട് വിട്ടയച്ചു. പൊലീസ് ഇടപെടലിനെ തുടർന്ന് വൈദികരുമായി ബിഷപ്പ് ചർച്ച നടത്തി.

ഉച്ചയോടെ എത്തിയ 18 വൈദികരെ ചാൻസലർ ഫാ. ജോഷി പുതുവയുടെ നേതൃത്വത്തിൽ ഗേറ്റിൽ തടഞ്ഞതാണ് തർക്കത്തിന് കാരണമായത്.

അതിരൂപതയുടെ പുതിയ ഭരണസമിതിയെ അംഗീകരിക്കില്ലെന്ന് ബിഷപ്പിനെ അറിയിച്ചതായി അതിരൂപതാ സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. ബിഷപ്പിന്റെ മുറിയിലേക്ക് അതിക്രമിച്ചുകടക്കാനാണ് വൈദികർ ശ്രമിച്ചതെന്ന് സഭാ അനുകൂലികൾ പറഞ്ഞു. വൈദികരെ ബലമായി പുറത്താക്കി. ബിഷപ്പിനെയും ഭരണസമിതി അംഗങ്ങളെയും ഭീഷണിപ്പെടുത്തിയ വൈദികരെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് മാർതോമ നസ്രാണിസംഘം ആവശ്യപ്പെട്ടു.