rto

കാക്കനാട്: ജില്ലയിലെ വിവിധയിടങ്ങളിലെ ഗതാഗത പരിഷ്കാരങ്ങൾ ഫലപ്രദമാണെന്ന് എറണാകുളം ആർ.ടി.ഒ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നി‍ർദ്ദേശം അനുസരിച്ച് നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഫലം കണ്ടത്. കൂടാതെ മന്ത്രി പി.രാജീവിന്റെ നിർദ്ദേശാനുസരണം സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനായി. കാക്കനാടേക്കുള്ള പ്രൈവറ്റ് ബസുകൾ പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് ഗൗരവമായി കാണുമെന്നും നിലവിൽ പത്തോളം ബസുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഗതാഗത പരിഷ്കരണത്തിൽ പൊതുജനങ്ങളുടെ സഹകരണം കൂടി വേണം. എറണാകുളം ആർ.ടി.ഒ ടി.എം ജേഴ്‌സൺ, എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.മനോജ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

നഗരത്തിലെ പരിഷ്കാരങ്ങൾ

എച്ച്.എം.ടി ജംഗ്ഷൻ: 17 കോൺഫ്ലിറ്റ് പോയിന്റുകൾ ഉണ്ടായിരുന്നത് സിഗ്നൽ ഒഴിവാക്കി മൂന്ന് പോയിന്റുകൾ മാത്രമാക്കി. യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സജ്ജമാക്കി. കാൽനട യാത്രക്കാർക്കാർക്കുള്ള സീബ്രാ ലൈൻ തയ്യാറാക്കുന്നു.

ഇടപ്പള്ളി: രണ്ടു യു ടേണുകളും അടച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സാധിച്ചു. ഇടപ്പള്ളി ജംഗ്ഷനിൽ വരുംദിവസങ്ങളിൽ ഗതാഗത പരിഷ്കാരങ്ങൾ നടത്തും

കാക്കനാട് : ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നതിനുള്ള യോഗം അടുത്ത ദിവസം തന്നെ മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടും