കാക്കനാട്: ആയുർവേദം കൂടുതൽ ജനകീയമാക്കുമെന്നും അതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ലാതല ദേശീയ ആയുർവേദ ദിനാചരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ജി. ഗീതാദേവി അദ്ധ്യക്ഷയായി.
നാഷണൽ ആയുഷ്‌മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജയകൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ ഡോ. ഷർമദ് ഖാൻ എന്നിവർ സംസാരിച്ചു. ആരോഗ്യഭക്ഷ്യ വിഭവങ്ങളുടെ മേളയും മത്സരവും സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആരോഗ്യ പരിപാടികളും ബോധവത്കരണവും നടത്തും. ജീവിതശൈലീ രോഗങ്ങളുടെ സ്ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. നാഷണൽ ആയുഷ് മിഷൻ ഈ വർഷം നടത്തുന്ന കാരുണ്യ,സ്പോർട്സ് ആയുർവേദ ആയുർകർമ്മ, ദൃഷ്ടി, ഹർഷം, ജീവിതശൈലീ രോഗക്ലിനിക്, സുപ്രജ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ഭക്ഷ്യവിഭവമത്സരത്തിൽ വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്ജ് സമ്മാനങ്ങൾ വിതരണംചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, ശാരദാ മോഹൻ, ഷൈമി വർഗീസ്, എം.ബി. ഷൈനി, കെ.വി. രവീന്ദ്രൻ, ഡോ. തോമസ് ജിബിൻ, ഡോ. മനു ആർ. മംഗലത്ത് എന്നിവർ സംസാരിച്ചു. റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഫ്ലാഗ് ഓഫ് ചെയ്തു.