
കൊച്ചി: തെരുവിൽ അലയുന്നവർക്ക് രാത്രി താമസ സൗകര്യവും ഭക്ഷണവും നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സർവേ തുടങ്ങി. ഇന്നലെ കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് കളക്ടർ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി സർവേയ്ക്ക് നേതൃത്വം നൽകി. തെരുവിൽ കഴിയുന്നവരുടെ പേരു വിവരങ്ങളും മറ്റും ശേഖരിക്കുന്നതിനാണ് കളക്ടർ ഉൾപ്പെടെയുള്ളവർ എത്തിയത്. എണ്ണമെടുത്ത ശേഷം പദ്ധതി എങ്ങനെ നടപ്പിലാക്കാമെന്ന് ചർച്ച ചെയ്യുമെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. സാമൂഹിക നീതി വകുപ്പും പീസ്‌വാലി ഫൗണ്ടേഷനും ചേർന്നാകും പദ്ധതി നടപ്പിലാക്കുക. സർവേയ്ക്ക് ശേഷമാകും ഇവർക്ക് താമസം എവിടെയൊരുക്കും മറ്റ് നടപടികൾ എന്തൊക്കെ എന്ന ചർച്ചകളിലേക്ക് കടക്കുക.