cbse
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള സംഘടിപ്പിച്ച സ്‌കൂൾ മാനേജർമാരുടെ മദ്ധ്യമേഖലായോഗം സി.ബി.എസ്.ഇ അഫിലിയേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മെന്റുകളുടെ ആശങ്ക പരിഹരിച്ചുവേണം ഹൈക്കോടതി നിർദ്ദേശിച്ച ഫീസ് നിർണയത്തിനുള്ള ത്രിതല കമ്മിറ്റി രൂപീകരണവും നടപടികളുമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള സംഘടിപ്പിച്ച സ്‌കൂൾ മാനേജർമാരുടെ മദ്ധ്യമേഖലായോഗം ആവശ്യപ്പെട്ടു.

സർക്കാർ വകുപ്പുകളിൽ നിന്ന് കെട്ടിടനികുതി ഉൾപ്പെടെ വൻതുക ആവശ്യപ്പെടുന്ന സർക്കുലറുകൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധിയും ചർച്ച ചെയ്തു.

കൗൺസിൽ പ്രസിഡന്റും ഭാരതീയ വിദ്യാഭവൻ ഡയറക്ടറുമായ ഇ. രാമൻകുട്ടി വാര്യർ അദ്ധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ അഫിലിയേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, ഉപദേശകസമിതി അംഗം രവി നമ്പൂതിരി, സെൻട്രൽ സോൺ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ, ജില്ലാ പ്രസിഡന്റ് ഫാ. ബേബി ചാമക്കാല കോർ എപ്പിസ്‌കോപ്പ എന്നിവർ സംസാരിച്ചു.