
കാക്കനാട് : തൃക്കാക്കര വള്ളത്തോൾ ജംഗ്ഷനിൽ പൂക്കാട്ടുപടിയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടോറസും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. 24 പേർ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. തൃക്കാക്കര മോഡൽ എൻജിനിയറിം ഗ്കോളേജിലെ സ്വീപ്പറായിരുന്ന ആലുവ കുട്ടമ്മശേരി അമ്പലപ്പറമ്പ് വട്ടപറമ്പ് വീട്ടിൽ യൂസഫിന്റെയും ഹവ്വയുടെയും മകൾ നസീറയാണ് (50) മരണപ്പെട്ടത്. 8 പേരെ കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലും 3 പേരെ കളമശേരി മെഡിക്കൽ കോളേജിലും 13 പേരെ തൃക്കാക്കര ബി ആൻഡ് ബി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.