കാക്കനാട്: തൃക്കാക്കര വള്ളത്തോൾ ജംഗ്ഷനിൽ അപകടങ്ങൾ വർദ്ധിക്കുന്നു. അശാസ്ത്രീയമായ ഗതാഗത സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഇടപ്പള്ളി, കാക്കനാട് കളമശേരി, പുക്കാട്ടുപടി, എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന ജംഗ്ഷനായി ഇവിടം മാറിയിരിക്കുകയാണ്. എയർപോർട്ട് സീപോർട്ട് റോഡും ഈ ജംഗ്ഷനുമായി ബന്ധപ്പെട്ടാണ്. ഏറെ തിരക്കേറിയ ഈ ജംഗ്ഷനിൽ സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. ട്രാഫിക് പൊലീസുരുടെ സേവനം ഇവിടെയില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്.
കഴിഞ്ഞ ഒക്ടോബർ 3ന് കളക്ടർ ഇറക്കിയ ഓർഡറിൽ രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 4 മുതൽ 5 വരെയും ടോറസ് ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ സഞ്ചാര നിയന്ത്രണമുള്ള സമയങ്ങളിൽപ്പോലും ഇതിലൂടെ ഇത്തരത്തിലുള്ള വാഹനങ്ങൾ കടന്നുപോകുന്നത് മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടിയൊന്നുമില്ല. സ്വകാര്യ ബസുകളുടെ മത്സരഓട്ടവും ഈ റോഡിൽ പതിവാണ്.