
വൈപ്പിൻ: കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ പ്രചാരണാർത്ഥം തയ്യാറാക്കിയ പ്രമോ വീഡിയോയിലെ 'തെളിനാദമായ് നവജീനായ്' എന്ന ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. തൃപ്പൂണിത്തുറ ആർ.എൽ.വി. കേളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ അഭിജിത്താണ് സ്വരമാധുരിയിലൂടെ ശ്രദ്ധേയനായത്. നായരമ്പലം കൊല്ലംപറമ്പിൽ സന്തോഷ്‌കുമാറിന്റെയും ജോബി മോളുടെയും മകനാണ്.
അംഗപരിമിതികളെ വെല്ലുവിളിച്ച് കാല് കൊണ്ട് ചിത്രം വരക്കുകയും നീന്തുകയും സൈക്കിൾ ചവിട്ടുകയുമൊക്കെ ചെയ്യുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവിന്റെ ജീവിതമാണ് പ്രമോ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് അകമ്പടിയായാണ് ഗാനാലാപനം. ചലച്ചിത്ര സംഗീത സംവിധായകൻ ബിബിൻ അശോകനാണ് ഈണം നല്കിയത്. മിൽമയാണ് നിർമ്മാണം.