
പറവൂർ: ഇരുപത്തിയാറ് ലക്ഷം കൊടുത്തുവാങ്ങിയ സോളാർ പാനലുകൾ മൂന്ന് മാസത്തിലധികമായി പറവൂർ താലൂക്ക് ഗവ. ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ കിടന്ന് നശിക്കുന്നു. മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷീറ്റിട്ട് പോലും മൂടിയിട്ടില്ല. പറവൂർ നഗരസഭയുടെ കീഴിലെ ആയുർവേദ ആശുപത്രിയിൽ ഒരു വർഷം 3,60,000 രൂപ വരെയാകുന്ന വൈദ്യുതി ബിൽ കുറയ്ക്കാനാണ് സോളാർ പാനൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.
നഗരസഭയുടെ 2023 - 2024 വാർഷിക പദ്ധതിയിൽ മെയിന്റനെൻസ് ഗ്രാൻഡിൽ നോൺ റോഡിൽ ഉൾപ്പെടുത്തി പാനലുകൾ വാങ്ങി. പാനൽ സ്‌ഥാപിക്കാൻ കരാറെടുത്ത ഏജൻസി തന്നെ പാനലുകളും അനുബന്ധ വസ്‌തുക്കളും ആശുപത്രിയിൽ എത്തിച്ചു നൽകിയെങ്കിലും സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ല.
50 കിലോവാട്ടിന്റെ സോളാർ പ്ലാന്റ്
പാനലുകൾ സ്‌ഥാപിക്കുന്നതിന് മുൻപായി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾക്കുള്ള കത്ത് പദ്ധതിയുടെ ഇംപ്ലിമെന്റിംഗ് ഓഫിസറായ ചീഫ് മെഡിക്കൽ ഓഫിസർ കഴിഞ്ഞ ദിവസമാണ് നഗരസഭയ്ക്ക് കൈമാറിയത്.
50 കിലോവാട്ടിന്റെ സോളർ പ്ളാന്റാണ് ആശുപത്രിയിൽ സ്‌ഥാപിക്കുക. ഇത്രയും കണക്‌ടഡ് ലോഡിന് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്.
സോളർ പാനൽ സ്ഥാപിക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കും. പാനലുകളുടെ സുരക്ഷിതത്വം കരാറുകാരന്റെ ഉത്തരവാദിത്വമാണ്. അനർട്ടിനാണ് നിർമാണ ചുമതല.
നഗരസഭാധികൃതർ
പാനലുകൾ സുരക്ഷിതമായി സൂക്ഷിക്കാത്തതും ജോലികൾ സമയബന്ധിതമായി നടത്താത്തതും നഗരസഭാധികൃതരുടെയും ആശുപത്രി അധികൃതരുടെയും അനാസ്‌ഥയാണ്
ജോബി പഞ്ഞിക്കാരൻ
സ്വതന്ത്ര കൗൺസിലർ