
ഡ്രൈവറുടെ ഇടപെടലിൽ കൂടുതൽ ദുരന്തം ഒഴിവായി
ആലുവ: ചെന്നൈയിൽ നിന്ന് കോമ്പാറയിലെ ഗോഡൗണിലേക്ക് വന്ന കണ്ടെയ്നർ ലോറിയിലെ എയർ കൂളറുകൾ അഗ്നിക്കിരയായി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവാക്കി. കണ്ടെയ്നറിൽ ഉണ്ടായിരുന്ന ഓറിയന്റൽ കമ്പനിയുടെ മുന്നൂറോളം കൂളറുകളിൽ 30 എണ്ണം നശിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ ഫയർ സ്റ്റേഷന് മുമ്പിലാണ് സംഭവം. എറണാകുളം ഭാഗത്ത് നിന്ന് ആലുവ വഴിയാണ് ഗോഡൗണിലേക്ക് കൂളറുകൾ കൊണ്ടുപോകേണ്ടിയിരുന്നത്. തമിഴ്നാട് തേനി സ്വദേശി അബു താഹിറാണ് കണ്ടെയ്നർ ഓടിച്ചിരുന്നത്. ദേശീയപാതയിൽ പുളിഞ്ചോട് ട്രാഫിക്ക് സിഗ്നലിൽ എത്തിയപ്പോൾ കണ്ടെയ്നറിൽ നിന്നും പുക പുറത്തേക്ക് വരുന്നതായി മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ അറിയിച്ചു. പുക കണ്ടെയ്നറുടെ മധ്യഭാഗത്ത് നിന്നായതിനാൽ എൻജിനിൽ നിന്നല്ലെന്ന് ബോദ്ധ്യമായ ഡ്രൈവർ ആലുവ ഫയർ സ്റ്റേഷൻ തിരക്കി ഫയർ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
ഒന്നര കിലോ മീറ്റർ മാറിയുള്ള ഫയർ സ്റ്റേഷനിൽ ലോറിയെത്തിച്ച് തീ അണച്ചതാണ് ദുരന്തമൊഴിവാക്കിയത്. കണ്ടെയ്നറിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. എയർ കൂളറുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.