കൊച്ചി: കണ്ടെയ്‌നർ റോഡിൽ അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ആക്രമിച്ച് പണവും മൊബൈൽഫോണുകളും കൊള്ളയടിക്കുന്ന സംഘം ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായി. വരാപ്പുഴ പള്ളിപ്പറമ്പിൽവീട്ടിൽ നന്ദകൃഷ്ണൻ (23), ചേരാനല്ലൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്. ഒഡീഷ സ്വദേശി ചരണനായിക്കിനെ ആക്രമിച്ച് 1000 രൂപയും മൊബൈൽഫോണും കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 25നായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് ചരണനായിക്കിനെ ബൈക്കിലെത്തിയ ഇരുവരും ചേർന്ന് ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ചരണനായിക്ക് പിറ്റേന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി ടിവി, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വലയിലാക്കിയത്. നന്ദകൃഷ്ണൻ നിരവധിക്കേസുകളിലെ പ്രതിയാണ്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി. ബൈക്ക് തട്ടുകയും ഇതിനെ തുടർന്നുണ്ടായ വാക്കുകർക്കമാണ് അടിപിയിൽ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴി.

എന്നാൽ കണ്ടെയ്‌നർ റോഡിലൂടെ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ തടഞ്ഞുനിറുത്തി മർദ്ദിച്ച് പണവും മറ്റും കവരുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ചേരാനല്ലൂർ എസ്.എച്ച്.ഒ ആർ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.എസ്.ഐ ജി. സുനിൽ, എസ്.സി.പി.ഒമാരായ മുഹമ്മദ് നസീർ, ബിമൽ, ഡിജിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.