കൊച്ചി: കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന എ.ഡി.ബി കുടിവെള്ളപദ്ധതിയിൽ യാതൊരുവിധ സ്വകാര്യവത്കരണവും ഇല്ലെന്ന വിശദീകരണവുമായി ജല അതോറിട്ടി. മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ മേയർ എം. അനിൽകുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജല അതോറിട്ടിയുടെ വിശദീകരണം.
നഗരത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതി ഉപകാരപ്പെടുമെന്നാണ് വാട്ടർ അതോറിട്ടിയുടെ പക്ഷം. കുടിവെള്ള വിതരണ ശൃംഖലയെ ഒരുവിധത്തിലും സ്വകാര്യവത്കരിക്കരുതെന്ന തന്റെ നിർദ്ദേശത്തോട് മന്ത്രിയും തുറന്ന സമീപനമാണ് സ്വീകരിച്ചതെന്ന് മേയർ പറഞ്ഞു.
പദ്ധതി രൂപീകരണവേളയിൽ നഗരസഭയുമായി ചർച്ച നടത്താതിരുന്നതിലുള്ള പ്രതിഷേധം മേയർ മന്ത്രിയെ അറിയിച്ചു. കൗൺസിലിലും പദ്ധതിയെ സംബന്ധിച്ചുള്ള വിശദമായ അവതരണമുണ്ടാകണം. കൗൺസിൽ അംഗങ്ങൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവസരമാകും ഇത്. പദ്ധതി പ്രദേശത്തെ എം.എൽ.എമാരുമായും ഇക്കാര്യം ചർച്ചചെയ്യേണ്ടതുണ്ട്. ഈ ആവശ്യങ്ങളോടും ക്രിയാത്മകമായ പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശത്തോടും മന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് മേയർ പറഞ്ഞു. അനാവശ്യമായി പൈപ്പുകൾ മാറുന്ന രൂപത്തിലേക്ക് പദ്ധതി പ്രവർത്തനം മാറരുത്. യോഗത്തിൽ ജലവിഭവവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വാട്ടർ അതോറിട്ടി എം.ഡി ജീവൻബാബു തുടങ്ങിയവരും പങ്കെടുത്തു.