 
ആലുവ: ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ ബി.ജെ.പിയുടെ ദളിത് പിന്നാക്ക വിരുദ്ധ നിലപാടാണെന്ന് കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറിയും ദളിത് ആദിവാസി മഹാസഖ്യം രക്ഷധികാരിയുമായ പി. രാമഭദ്രൻ പറഞ്ഞു. ദളിത് ആദിവാസി മഹാസഖ്യം സംസ്ഥാന പ്രതിനിധി സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസ് നടത്തിയാൽ, രാജ്യത്തെ അടിസ്ഥാന ജനത അനുഭവിക്കുന്ന നീതി രഹിതമായ വിവേചനത്തിന്റെ വ്യാപ്തി പുറത്തറിയുമെന്ന ഭയം കേന്ദ്ര സർക്കാരിനുണ്ട്. ദളിത് പിന്നാക്ക വിഭാഗങ്ങൾ എക്കാലവും ദേശീയ മുഖ്യധാരയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് ആഗ്രഹിക്കുന്ന സവർണ ശക്തികളുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രസിഡന്റ് രാമചന്ദ്രൻ മുല്ലശേരി അദ്ധ്യക്ഷനായിരുന്നു. കെ. രവികുമാർ, ഡോ. കല്ലറ പ്രശാന്ത്, പട്ടംതുരുത്ത് ബാബു, വി.കെ. ഗോപി, വി.ആർ. രാജു, രാജൻ വെമ്പിളി, ജോസ് ആച്ചിക്കൽ, ഒ. സുധാമണി, മധുമോൾ പഴയിടം, പി.പി. അനിൽകുമാർ, പി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.