കൊച്ചി: ബുക്ക്‌ ചെയ്ത എ.സി. ബസ്സിനു പകരം നോൺ എ.സി. ബസി​ൽ 14 മണിക്കൂർ ദുരിത യാത്ര ചെയ്യേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4,943 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും കെ.എസ്.ആർ.ടി.സി. നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക കോടതി ഉത്തരവി​ട്ടു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നിലവാരമുള്ള സേവനം യഥാസമയം യാത്രക്കാർക്ക് ഉറപ്പുവരുത്താനുള്ള ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തണം. തുടർ നടപടികൾക്കായി സംസ്ഥാന ഗതാഗത സെക്രട്ടറിക്ക് ഉത്തരവിന്റെ പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു.
എറണാകുളം ആലങ്ങാട് സ്വദേശി എം.എ. അനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരനും ഭാര്യയും പത്തും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെട്ട യാത്ര സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.

മൂകാംബിക ക്ഷേത്രദർശനത്തിന് ശേഷം കൊല്ലൂരിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് എ.സി. മൾട്ടി ആക്സിൽ ബസ് ഓൺലൈനിലൂടെ ബുക്ക് ചെയ്തത്.
2023 ഏപ്രിൽ 30ന് ബസിൽ കയറാനായി കൊല്ലൂരിൽ നിന്ന് ബസ് പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ എത്തിയെങ്കി​ലും 2.15 ന് പുറപ്പെടേണ്ട ബസ് വൈകിട്ട് അഞ്ചര മണിയായിട്ടും എത്തിയില്ല. അവസാനം പഴയ നോൺ എ.സി. ബസാണ് പകരം ഏർപ്പെടുത്തിയത്.
പതിനാലു മണിക്കൂർ നീണ്ട ദുരിത യാത്രമൂലം ശാരീരികവും മാനസികവുമായി തളർന്നുപോയ പരാതിക്കാരനും കുടുംബവും തൃശൂർ പൂരത്തിലെ ട്രാഫിക് തടസവും മറ്റും മൂലം എട്ടു മണിക്കൂർ വൈകി രാവിലെ പത്തിനാണ് ആലുവയിൽ എത്തിയത്.

ചുമതലപ്പെട്ടവരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയുമാണ് ഈ സംഭവത്തിന് കാരണമെന്ന് കോടതി ഉത്തരവിൽ വിലയിരുത്തി.

സേവനത്തിലെ ന്യൂനതയാണ്. ഈ സംവിധാനത്തിലുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിനാണ് ഉലച്ചിൽ തട്ടിയതെന്ന് ഡി.ബി ബിനു അധ്യക്ഷനും , വി.രാമചന്ദ്രൻ, ടി.എൻ .ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.

45 ദിവസത്തിനകം തുക പരാതിക്കാരന് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

പരാതിക്കാരന് വേണ്ടി അഡ്വ. ടി.ജെ ലക്ഷ്മണ അയ്യർ ഹാജരായി.