
പറവൂർ ഉപജില്ലാ കലോത്സവം: പുല്ലംകുളം എസ്.എൻ സ്കൂൾ മുന്നിൽ
പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസം 399 പോയിന്റുകളോടെ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. 350 പോയിന്റോടെ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തും 241 പോയിന്റോടെ മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനത്തുമുണ്ട്.
സംസ്കൃതോത്സവത്തിൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ 170 പോയിന്റുകളോടെ ഓവർറോൾ ചാമ്പ്യൻമാരായി. 145 പോയിന്റോടെ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 124 പോയിന്റോടെ ഡി.ഡി. സഭ കരിമ്പാടം ഹൈസ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
അറബികലോത്സവത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം മൂന്ന് സ്കൂളുകൾ പങ്കിട്ടു. ഇസ്ലാമിക് സ്കൂൾ മന്നം, ഐ.എസ്. യു.പി സ്കൂൾ മാഞ്ഞാലി, ഗവ. എൽ.പി. സ്കൂൾ പുതിയകാവ് എന്നിവർക്കാണ് ഒന്നാം സ്ഥാനം. 41 പോയിന്റ് നേടി കരുമാല്ലൂർ ലിറ്രിൽ ട്രീസ സ്കൂളും 39 പോയിന്റ് നേടി കരിമ്പാടം ഡി.ഡി. സഭ ഹൈസ്കുളും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപനദിനമായ നാളെ ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ. ചെണ്ടമേളം, തായമ്പക, മദ്ദളം, യക്ഷഗാനം, ചവിട്ടുനാടകം, ഓട്ടൻതുള്ളൽ എന്നീ മത്സരങ്ങളാണ് ഒന്നും രണ്ടും വേദികളിൽ നടക്കുക. ഉച്ചയ്ക്ക് ശേഷം മത്സരങ്ങൾ പൂർത്തിയാക്കുന്നതിനുള്ള രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സമാപന സമ്മേളനവും സമ്മാനദാനവും വൈകിട്ട് നാലിന് നടക്കും.