vira
പാലാരി​വട്ടം റി​നൈ ആശുപത്രി​യി​ൽ അറുപതുകാരി​യുടെ കണ്ണി​ൽ നി​ന്ന് പതിമൂന്ന് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്യുന്നു

കൊച്ചി​: കണ്ണി​ൽ ചൊറി​ച്ചി​ലുമായി​ എത്തി​യ സ്ത്രീയുടെ കണ്ണിൽനിന്ന് പതിമൂന്ന് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ നീക്കംചെയ്തു. പാലാരി​വട്ടം റിനൈ മെഡിസിറ്റിയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ. രേഖ ജോർജാണ് വിരയെ പുറത്തെടുത്തത്.

ചൊറിച്ചിൽ, വേദന, ചുവന്നനിറം എന്നീ ബുദ്ധിമുട്ടുകളുമായി ഡോക്ടറെ സമീപിച്ചതാണ്. കൊച്ചി എളമക്കര സ്വദേശിനിയാണ് അറുപതുകാരി. കുറച്ചുദിവസങ്ങളായി കണ്ണിലെ ബുദ്ധിമുട്ടുകൾ ഇവരെ വലയ്ക്കുകയായി​രുന്നു.

കണ്ണിനകത്ത് ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തി​യ ഉടൻ ലളിതമായ ശസ്ത്രക്രിയയിലൂടെ ഇതി​നെ ജീവനോടെതന്നെ പുറത്തെടുത്തു. വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ച വിര 'ഡൈറോഫൈലേറിയ റിപ്പൻസ്' വിഭാഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു. വിരബാധയുള്ള നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെ കടിച്ച കൊതുകുവഴിയാണ് ഈ തരം വിരകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതെന്ന് ഡോ. രേഖ പറഞ്ഞു.