മട്ടാഞ്ചേരി: വ്യാജഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി നഗരസഭാ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. വ്യവസായിയായ നസ്റത്ത് പുത്തൻപുരക്കൽ ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് കേസ്.
ജോസഫ് സ്റ്റാൻലിയുടെ ഉടമസ്ഥതയിലുള്ള മട്ടാഞ്ചേരി ജീവമാതാ പള്ളിക്ക് മുൻവശത്തെ 100/2,101,1213,1266,1196 എന്നീ സർവേ നമ്പറുകളിലുള്ള ഭൂമി വ്യാജ ഒപ്പിട്ട് ആധാരം രജിസ്റ്റർചെയ്ത് തട്ടിയെടുത്തതായാണ് പരാതി. ആന്റണി കുരീത്തറ നാലാം പ്രതിയാണ്. ജോസഫ് സ്റ്റാൻലിയുടെ മാനേജരായി 40 വർഷം ജോലിചെയ്ത മട്ടാഞ്ചേരി സ്വദേശി വി.എച്ച്. ബാബുവാണ് ഒന്നാംപ്രതി. ഫോർട്ട്കൊച്ചി തുരുത്തി സ്വദേശിയും കേസിൽ രണ്ടാംപ്രതിയുമായ എം.പി. കുഞ്ഞുമുഹമ്മദിന് 2006ൽ ഭൂമി വിൽക്കുകയും 21 ദിവസത്തിനുശേഷം ബംഗളൂരുവിലെ കമ്പനിക്ക് മറിച്ചുവിറ്റെന്നുമാണ് കേസ്. കൊച്ചി സബ് രജിസ്ട്രാർ ആശിഷ് റൊസാരിയോ, ഭൂമി രണ്ടാമത് വാങ്ങിയ സ്വകാര്യകമ്പനി, ഹനീഷ അജിത്ത്, അനിത സന്തോഷ്, എം.വി. സുരേഷ് എന്നിവരാണ് മറ്റ് പ്രതികൾ. രണ്ട് ആധാരത്തിലും ആന്റണി കുരീത്തറ സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്. വിൽപ്പത്രം എഴുതാൻ രേഖകൾ പരിശോധിച്ചപ്പോഴാണ് ഭൂമി തന്റെ പേരിലല്ലെന്ന് മനസിലായതെന്ന് ജോസഫ് സ്റ്റാൻലി പറഞ്ഞു.
* നിരപരാധിയെന്ന് ആന്റണി കുരീത്തറ
ഉടമ അറിയാതെ സ്ഥലം വിറ്റുവെന്ന പരാതിയിൽ താൻ കൂട്ടുപ്രതിയാണെന്ന് പറയുന്നത് തെറ്റാണെന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്ന് ആന്റണി കുരീത്തറ പറഞ്ഞു. 10 സെന്റ് സ്ഥലം പോക്കന്റെ മകൻ എം.പി. കുഞ്ഞഹമ്മദിന് 20 ലക്ഷം രൂപയ്ക്ക് ജോസഫിന് സ്റ്റാൻലി 2111/06 ആധാരപ്രകാരമാണ് തീറെഴുതിയത്. 2006ൽ നടന്ന സംഭവമായിട്ടും കഴിഞ്ഞ 29നാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾപോലും പരിശോധിക്കാതെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി പൊലീസ് പ്രതിസ്ഥാനത്ത് തന്നെ ചേർത്തിരിക്കുന്നതെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിതെന്നും ആന്റണി കുരീത്തറ പറഞ്ഞു.