കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ അലൻവാക്കറുടെ കൊച്ചിയിലെ സംഗീതനിശയ്ക്കിടെ മൊബൈൽഫോണുകൾ കവർന്ന കേസിൽ അറസ്റ്റിലായ ഡൽഹി സംഘം ബ്രസീൽ പൗരന്റെയും ഫോൺ മോഷ്ടിച്ചു.

സെപ്തംബർ 20ന് ഡൽഹിയിൽ നടന്ന ഷോയ്ക്കിടെയാണ് ബ്രസീൽ പൗരൻ ഗബ്രിയേൽ മാർഷ്യയുടെ ഫോൺ ഡൽഹി സ്വദേശികളായ വസീം അഹമ്മദ്, ആതിഖ് ഉർ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കവർന്നത്. ഇവരിൽ നിന്ന് 20 ഫോണുകളാണ് മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള പരിശോധനയിലാണ് ഫോണുകളിലൊന്ന് ബ്രസീൽ പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഡൽഹി പൊലീസിനെ ബന്ധപ്പെട്ടു. ഫോൺ നഷ്ടമായെന്ന് കാട്ടി ഗബ്രിയേൽ അവിടെ പരാതി നൽകിയിരുന്നു. ഫോൺ ലഭിച്ചതായി ഇയാളെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം തിരികെ നൽകാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് മുളവുകാട് പൊലീസ് അറിയിച്ചു. ബിസിനാവശ്യത്തിനായി ഡൽഹിയിൽ എത്തിയതായിരുന്നു ഗബ്രിയേൽ. ഫോൺ കൈപ്പറ്റാൻ ഇയാൾ കൊച്ചിയിലേക്ക് വന്നേക്കും.