കൊച്ചി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ എന്നല്ല എറണാകുളത്തിന്റെ ആതുരസേവനരംഗത്തെ ജനകീയമുഖമാണ് ഡോ. ബാലന്റെ നിര്യാണത്തോടെ ഓർമ്മയാകുന്നത്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നവർക്ക് ലഭിക്കുന്ന അതേചികിത്സ പാവപ്പെട്ടവർക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി കരുതൽ കാട്ടുകയും ചെയ്ത ഡോക്ടറാണ് അദ്ദേഹം.
വിരമിച്ചശേഷവും ഒരുവർഷം മുമ്പുവരെ ആതുരസേവനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഇനി വരുന്നില്ല, വിശ്രമം വേണമെന്ന് ഒരിക്കൽ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സേവനം ജനങ്ങൾക്ക് അത്യാവശ്യമുണ്ടെന്ന് കണ്ട് ആശുപത്രി അധികൃതർ നിർബന്ധിച്ച് തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഹപ്രവർത്തകനും നിലവിലെ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. സച്ചിദാനന്ദ കമ്മത്ത് ഓർക്കുന്നു. രോഗികകൾക്കുവേണ്ടി ഇത്രമേൽ ക്ഷമ പ്രകടിപ്പിക്കുന്ന ആളുകൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിൽ തിരികെയെത്തിയ ശേഷവും ആശുപത്രിയിൽ നിന്ന് ഫോൺവിളി വന്നാൽ ഓടിച്ചെല്ലുന്ന ആളായിരുന്നു ബാലൻ ഡോക്ടർ. അത്തരം ഫോൺവിളികൾ എത്ര ആവർത്തിച്ചാലും ബാലൻ ഡോക്ടർ ഓടിയെത്തുമെന്നുള്ളത് നഴ്‌സുമാരുൾപ്പെടെയുള്ളവരുടെ ആത്മവിശ്വാസം ആയിരുന്നു. ആളുകളോട് സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന വ്യക്തി. ശാസനകൾപോലും സ്‌നേഹത്തോടെയായിരുന്നു. ലൂർദ് ആശുപത്രിയിലും മദ്രാസ് മെഡിക്കൽ കോളേജിലുമുൾപ്പെടെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തപ്പോഴെല്ലാം ഒരേ രീതിയിലായിരുന്നു സേവനം.
കോട്ടയം ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പാസായ അദ്ദേഹം 1978 മുതലാണ് കൊച്ചി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ഫിസിഷ്യനായി ചേർന്നത്. ആശുപത്രിയിൽനിന്ന് ഡോ. പി.കെ. ഈപ്പൻ വിരമിച്ചശേഷം ചീഫ് ഫിസിഷ്യനും മെഡിക്കൽ സൂപ്രണ്ടുമായി. 1971ൽ ഇന്ദിരാഗാന്ധി ആശുപത്രി സഹകരണസംഘം രൂപം കൊണ്ടപ്പോൾ ഓഹരിയെടുത്ത ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.