cho

കോലഞ്ചേരി: ജില്ലയിലെ പ്രമുഖ ജലകേളീ കേന്ദ്രമായ ഇന്ദ്രാൻചിറയിലെ കുട്ടികളുടെ പാർക്ക് മദ്യപർ കൈയടക്കി. പൊലീസ് പരിശോധനയ്ക്കായി എത്തുന്നത് അപൂർവമാണ്. സ്റ്റേഷനിലേക്കുള്ള ദൂരവും സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കുറവും പലപ്പോഴും ഇവിടെ വരെ എത്താനുള്ള കാലതാമസത്തിന് കാരണമാണ്. ഇതു മുതലാക്കിയാണ് മദ്യപരുടെ സംഘങ്ങൾ പാർക്കിൽ തമ്പടിക്കൽ തുടങ്ങിയത്. എട്ടേക്കറോളം വരുന്ന ചിറയുടെ സമീപമാണ് കുട്ടികളെ ആകർഷിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാർക്ക് സ്ഥാപിച്ചത്. എന്നാൽ,​ വേനൽ കടുത്ത് ചിറയിൽ വെള്ളം കുറഞ്ഞതോടെ ഇവിടേക്ക് കാര്യമായി ആരും എത്താറില്ല. ആകെ വരുന്നത് മദ്യപരുടെ സംഘങ്ങൾ മാത്രമാണ്. പുത്തൻകുരിശ് പൊലീസ് സ്‌​റ്റേഷൻ പരിധിയിലാണ് ചിറ. പരിശോധനയിലെ കുറവ് മുതലാക്കി പാർക്കിൽ മദ്യവുമായെത്തുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചുവരികയാണെന്നാണ് പരാതി. വാഹനങ്ങൾ ചിറയോട് ചേർത്തിട്ട് മദ്യപിച്ചശേഷം കുപ്പി ചിറയിലേക്ക് വലിച്ചെറിയുന്നവരുമുണ്ട്. കോലഞ്ചേരി, മൂശാരിപ്പടി ഭാഗത്തുള്ള ചിറയുടെ മറുകരയിൽ മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രവുമാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ചോടാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നത്. എവിടെനിന്ന് പൊലീസ് വാഹനം എത്തിയാലും ദൂരെനിന്ന് കാണാമെന്നതാണ് സ്ഥലത്തിന്റെ പ്രത്യേകത. മേഖലയിൽ മയക്ക് മരുന്ന് കൈമാ​റ്റങ്ങൾ നടക്കുന്നതിന് സുരക്ഷിത ഇടമായാണ് ഇവിടം തിരഞ്ഞെടുത്തിരിക്കുന്നത്.

കല്യാണ ആൽബങ്ങൾക്കുള്ള ഫോട്ടോഷൂട്ടിന് മികച്ച ലോക്കേഷനുമായിരുന്നു ഇവിടം. എന്നാൽ ഇത്തരക്കാരെ ഭയന്ന് ഇപ്പോൾ ആരുമെത്താറില്ല. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് ചിറ സംരക്ഷിക്കണമെന്നാണ് ആവശ്യം.

പാർക്കും നാശത്തിലേക്ക്

ചിറയോട് ചേർന്നുള്ള പാർക്കും ശോച്യാവസ്ഥയിലാണ്. അധികൃതർ ശ്രദ്ധിക്കാതായതോടെ ഇരിപ്പിടങ്ങളും ടിക്ക​റ്റ് കൗണ്ടറുകളുമെല്ലാം പൊട്ടിപ്പൊളിഞ്ഞ് നാശോന്മുഖമായി. ലക്ഷങ്ങൾ മുടക്കി നവീകരിച്ചതാണ് ചിറ. നേരത്തെ ഇവിടെ ജലകേളികൾക്കായി പെഡൽ ബോട്ടുകളും കുട്ടവഞ്ചിയും കയാക്കിംഗുമെല്ലാം ഉണ്ടായിരുന്നു. സ്വകാര്യവ്യക്തി കരാറെടുത്ത് നടത്തിയ പദ്ധതികളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു. പ്രഭാത, സായാഹ്ന സവാരിക്കാർക്ക് സ്വസ്ഥമായി വ്യായാമം ചെയ്യാൻ പ​റ്റിയ നടപ്പാതയും ഇവിടെയുണ്ട്. എന്നാൽ മദ്യ, മയക്കുമരുന്ന് മാഫിയയെ ഭയന്ന് ആരും ഇവിടെ എത്താറില്ല.

നാശോന്മുഖമാകുന്ന ചിറ സംരക്ഷിക്കുന്ന കാര്യത്തിൽ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തുന്ന ഉദാസീനമായ നടപടികൾ അവസാനിപ്പിച്ച് ചിറ സംരക്ഷണത്തിന് നടപടികൾ വേണം. പൊലീസ് പരിശോധന ഊർജിതമാക്കണം

വി.എം. ജോർജ്,

കോൺഗ്രസ് ഐക്കരനാട് മണ്ഡലം പ്രസിഡന്റ്