നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി ക്ലർക്ക് നിയമനം തടസപ്പെട്ടു. എൽ.എസ്.ജി.ഡി ഓഫീസിലേയ്ക്ക് ക്ലർക്കിനെ നിയമിക്കുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇന്റർവ്യൂ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ കമ്മിറ്റിയിൽ അവതരിപ്പിച്ച റാങ്ക് ലിസ്റ്റിനെ പത്ത് പേർ എതിർത്തതോടെയാണ് നിയമനം തടസപ്പെട്ടത്. എട്ട് പേരാണ് അനുകൂലിച്ചത്. 18 അംഗ ഭരണസമിതിയിൽ ഭരണപക്ഷമായ യു.ഡി.എഫിൽ എട്ട് അംഗങ്ങളാണുള്ളത്. സി.പി.എം അഞ്ച്, ബി.ജെ.പി നാല്, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില. റാങ്ക് ലിസ്റ്റിനെ സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങൾ എതിർക്കുകയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയും എ.ഇയും അടക്കമുള്ള ആറംഗ സമിതിയാണ് ഇന്റർവ്യു നടത്തിയതെന്നും ഉദ്യോഗാർഥികളിൽ ഓരോരുത്തരുടെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ പറഞ്ഞു. പ്രവൃത്തി പരിചയമുള്ളവരെ തഴഞ്ഞാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് സി.പി.എം പാർലമെന്റി പാർട്ടി ലീഡർ ടി.വി. സുധീഷ് പറഞ്ഞു.