photo

വൈപ്പിൻ: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ഇടപെടാത്ത ജനപ്രതിനിധികളെ പിടിച്ചുനിറുത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതെ ജീവിക്കാൻ തിരഞ്ഞെടുത്തയച്ചവരെ വരച്ച വരയിൽ നിറുത്തണം. അവരോട് രാജിവച്ചുപോകാൻ പറയണം. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്.

മുനമ്പം ഭൂസംരക്ഷണ സമിതി നിരാഹാരം അനുഷ്‌ഠിക്കുന്ന കടപ്പുറത്തെ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമഭേദഗതി പാസാകുന്നതോടെ മുനമ്പം തീരമേഖലയിലെ ഭൂപ്രശ്‌നം പരിഹരിക്കപ്പെടും. കേന്ദ്ര സർക്കാർ സമരം ചെയ്യുന്നവർക്കൊപ്പമുണ്ടാകും.

മാദ്ധ്യമങ്ങൾക്ക് തീറ്റ കിട്ടുന്നതിൽ മാത്രമാണ് താത്പര്യം. കോടിക്കണക്കിന് രൂപ മുടക്കിയാണ് അവ നിലനിൽക്കുന്നത്. അതവർക്ക് തിരിച്ചുപിടിച്ചേ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു.

വേളാങ്കണ്ണിമാതാ പള്ളി സഹവികാരി ഫാ. ആന്റണി തോമസ്, ഫാ. ഫ്രാൻസിസ് താനിയത്ത്, സമരസമിതി കൺവീനർ ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കറുപ്പശേരി, സിജി ജിൻസൺ എന്നിവർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.

ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ഇ.എസ്. പുരുഷോത്തമൻ, സി.ജി. രാജശേഖരൻ, എം.വി. വിനിൽ, കെ.കെ.വേലായുധൻ, ഷിബിൻലാൽ, വി.വി. അനിൽ തുടങ്ങിയ ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്നു.