
കൊച്ചി: ഏലൂരിൽ യുവതിയെ ഓട്ടോഡ്രൈവർ കഴുത്തിന് കുത്തിപ്പരിക്കേല്പിച്ചു. ഏലൂർ നോർത്തിൽ കണപ്പിള്ളിനഗറിൽ വലിയപാടംവീട്ടിൽ സിന്ധുവിനാണ് (42) കുത്തേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. നഖംവെട്ടി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽ കയറിയാണ് കുത്തിയത്. പ്രതി മുളവുകാട് സ്വദേശി ദീപു (42) ഒളിവിലാണ്.
സ്വന്തമായി വീട്ടിൽ പ്രിന്റിംഗ് പ്രസ് നടത്തി വരികയായിരുന്നു സിന്ധു. പ്രസിലെ സാധനങ്ങൾ കൊണ്ടുപോകുന്നതിനും മറ്റുമായി സിന്ധു വാങ്ങിയ ഓട്ടോ ഓടിച്ചിരുന്നത് ദീപുവാണ്. ഇത് ദീപുവിന് വാടകയ്ക്ക് നൽകിയിരുന്നതായും പറയുന്നു. ഇവർ തമ്മിലുണ്ടായ പ്രശ്നം എന്താണെന്ന് വ്യക്തമായിട്ടില്ല.
സിന്ധുവിനൊപ്പം പേയിംഗ് ഗസ്റ്റായി ഒരു പെൺകുട്ടിയും താമസിച്ചിരുന്നു. ഇവരുടെ കരച്ചിൽകേട്ട് പ്രദേശവാസികൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. എറണാകുളം റിനൈ മെഡ്സിറ്റിയിൽ ചികിത്സയിലാണ് സിന്ധു. കഴുത്തിൽ അധികം ആഴത്തിലല്ലാത്ത മുറിവുണ്ട്. സിന്ധുവിൽനിന്ന് മൊഴിയെടുത്തശേഷമേ വിശദവിവരം അറിയാൻ കഴിയൂവെന്ന് ഏലൂർ പൊലീസ് പറഞ്ഞു. ദീപുവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.